വാസയോഗ്യമായ ലയങ്ങളില്ല; പതിറ്റാണ്ടുകളുടെ ദുരിതഭാരം പേറി തോട്ടംതൊഴിലാളികൾ

പൊഴുതന: തോട്ടം മേഖലയിലെ വികസന മുരടിപ്പ് മൂലം ദുരിതം പേറുകയാണ് പൊഴുതനയിലെ നൂറു കണക്കിന് തോട്ടം തൊഴിലാളികൾ. പതിറ്റാണ്ടുകൾക്കു മുമ്പ്​ പണികഴിപ്പിച്ച ഏതുനിമിഷവും നിലം പതിക്കാറായ എസ്റ്റേറ്റ് ലയങ്ങളിലാണ് പൊഴുതന പഞ്ചായത്തിലെ അച്ചുരാനം കുറിച്യാർമല, കല്ലുർ, അച്ചൂർ, പാറക്കുന്ന് അടക്കമുള്ള വിവിധ എസ്റ്റേറ്റുകളിലെ ഡിവിഷനുകളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾ ഇന്നും അന്തിയുറങ്ങുന്നത്. 

മേൽക്കൂരകൾ കാറ്റെടുക്കാതിരിക്കാനായി മണൽ നിറച്ച ചാക്കുകളെയാണ് ഇവർ ആശ്രയിക്കുന്നത്.1930 കളിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച ലയങ്ങളിൽ കാലപ്പഴക്കത്താൽ ഭിത്തികൾ വിണ്ടുകീറുകയും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയിലുമാണ് ജനങ്ങൾ കഴിയുന്നത്. നൂറുകണക്കിന് തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ മിക്കതും അടിസ്ഥാന കുറവ് മൂലം ആളുകൾ ഉപേക്ഷിച്ചത്തോടെ നിലം പതിക്കുന്ന അവസ്ഥയിലാണ്.


കാട് കയറി അപകടാവസ്ഥയിലായ ലയങ്ങൾക്ക് അടുത്തായി തൊഴിലാളികളെ മാനേജ്‌മെന്‍റ്​ യാതൊരുവിധ സുരക്ഷയും ഇല്ലാതെ പാർപ്പിക്കുന്നതായും ആരോപണമുണ്ട്. ഒപ്പം കുടിവെള്ളം, മാലിന്യ സംസ്കരണം തലവേദനയായി മാറുകയാണ് തൊഴിലാളികൾക്ക്. പൊട്ടി പൊളിഞ്ഞ കക്കുസുകൾ പോലും നന്നാക്കാൻ നടപടി ഉണ്ടാവാറില്ലന്ന് തൊഴിലാളികൾ പറയുന്നു. ഓരോ മഴക്കാലത്തിനു മുമ്പുമ എസ്റ്റേറ്റ് ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുമെങ്കിലും വർഷങ്ങളായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

എസ്‌റ്റേറ്റുകളുടെ ശോചനീയാവസ്ഥ മനസ്സിലാക്കാനെത്തിയ അധികൃതരോട് തൊഴിലാളികൾ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തോട്ടം തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ടെെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിച്ച് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എസ്റ്റേറ്റ് മാനേജ്മെന്‍റുകൾക്കാണ്.

എന്നാൽ കാലങ്ങളായി ഇത് നടപ്പിലാക്കുന്നതിന് മാനേജ്മെന്‍റ് തയാറാകുന്നില്ല. വിഷയത്തിൽ അധികൃതർ കാര്യക്ഷമമായി ഇടപെടാത്തതാണ് ഇതിന് കാരണമെന്നാണ് ആരോപണം. 

Tags:    
News Summary - Plantation workers on the burden of decades of misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.