ആഷിഖ് ആശുപത്രിയിൽ

'ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മനുഷ്യരുണ്ടവിടെ, മരിക്കുന്നതിന്​ മുന്നേ അവരെ കാണാൻ വീണ്ടും കൊണ്ടോട്ടിയിലെത്തണം'

കൊണ്ടോട്ടി: 'മരണത്തിന്​ പിടികൊടുക്കാതെ ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ. കുളിപ്പിച്ച ആളുകൾ, ബാത്ത്റൂമിലേക്ക് കൊണ്ടുപോയവർ. അവരുടെ മുഖം പോലും ഓർമയില്ല. മരിക്കുന്നതിന്​ മുന്നേ അവരെ വീണ്ടും കാണണം. അത് വലിയ ആഗ്രഹമാണ്. അവിടേക്ക്​ തീർച്ചയായും മടങ്ങിവരും' -നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ചങ്ങരംകുളം പെരുമ്പാൾ സ്വദേശി ആഷിഖി​െൻറ വാക്കുകളാണിത്. കോവിഡ് വ്യാപനത്തി​െൻറയും വിമാനം കത്തിയമരുന്നതി​െൻറയും ഭീതിയെല്ലാം തള്ളിമാറ്റി അപകടസമയത്ത് ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കൊണ്ടോട്ടിക്കാരുടെ കരുതലിനെക്കുറിച്ച് ആഷിഖ് പറയുമ്പോൾ തേങ്ങലടങ്ങുന്നില്ല.

രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുന്നൂറോളം പേർ ഇപ്പോഴും ക്വാറൻറീനിൽ കഴിയുകയാണ്. ഇതിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിലർ പരിശോധന ഫലം കാത്തിരിക്കുന്നു. രോഗഭീതി തള്ളിമാറ്റി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കൊണ്ടോട്ടിക്കാരുടെ കരുതലിനെക്കുറിച്ച് പറയുമ്പോൾ, അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും നൂറുനാവാണ്.

ആഷിഖും സുഹൃത്തുക്കളും

കോവിഡ് കാരണം ജോലി നഷ്​ട​പ്പെട്ടതിനെ തുടർന്നാണ്​ ആഷിഖും അനിയൻ ഷഹീനും കൊയിലാണ്ടി സ്വദേശി അലിയും കോഴിക്കോട് സ്വദേശി ഷംസുവും ആഗസ്​റ്റ്​​ നാലിന് ദുബൈയിൽനിന്ന്​ എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് തിരിക്കുന്നത്. അപകടം നടന്ന നിമിഷം മുതലുള്ള നാട്ടുകാരുടെ ഇടപെടലിനെക്കുറിച്ച് പറയുമ്പോൾ ആഷിഖിന് വാക്കുകൾ മുഴുവിക്കാനാവുന്നില്ല.

ആ നിമിഷങ്ങളെക്കുറിച്ച് ആഷിഖ്​ പറയുന്നു:

''ചെളിയിൽനിന്നാണ്​ എന്നെ പൊക്കിയെടുക്കുന്നത്​. ഒരു കൈ തൂങ്ങിക്കിടക്കുകയായിരുന്നു. മോനെ ഇയ്യ്​ ഒന്ന് ക്ഷമിക്ക് എന്ന്​ പറഞ്ഞ്​ ഒരാൾ എന്നെ മൊത്തമായി പൊക്കിയെടുത്തു. സ്ട്രക്​ച്ചറിൽ കിടത്തി. അയാളുടെ തുണി കീറി എ​െൻറ കൈ കെട്ടി. ചെറിയ ഒരു വേദന ഉണ്ടാവൂ -അയാൾ സമാധാനിപ്പിച്ചു.

അനിയൻ ഷഹീൻ ചോരയിൽ കുളിച്ച് കിടക്കുകയാണ്. നെറ്റിയിൽ ചെറിയ പൊട്ടേയുള്ളൂ എന്ന്​ പറഞ്ഞ്​ അവനെയും സമാധാനിപ്പിക്കുന്നു. എന്നോട് കണ്ണടക്കാൻ പറഞ്ഞു. കാരണം, ഇടത്​ ഭാഗത്ത് ഒരു കുട്ടി ചലനമറ്റ്​ കിടക്കുന്നു. അയാൾ ആ കുട്ടിയുടെ നെഞ്ചിലും മൂക്കിലും കൈവച്ച് നോക്കുന്നു. പിന്നീട് നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോന്നത്.

ഈ സമയത്തിനിടയിൽ ആ മനുഷ്യൻ ഒരു നൂറുകൂട്ടം ഫോൺകോൾ ചെയ്തിട്ടുണ്ടാവും. പലർക്കും വിളിക്കുന്നു. നിങ്ങളൊക്കെ എവിടെയാണ്, വണ്ടി എടുത്തോ, കാർ എടുത്തോ, ബൈക്ക് എടുത്തോ എന്നൊക്കെ ആ മനുഷ്യൻ ചോദിക്കുന്നു. പരിക്കേറ്റവർ ഒരുപാടുണ്ട്​, അത്യാഹിതമാണ് എന്നെല്ലാം അയാൾ വിളിച്ചുപറയുന്നുണ്ട്.

യാത്രതിരിക്കും മുമ്പ് ആഷിഖും സുഹൃത്തുക്കളും പി.പി.ഇ കിറ്റ് ധരിച്ച്

കൊണ്ടോട്ടി റിലീഫ് ആശുപത്രി വരാന്തയിലാണ് എന്നെ കിടത്തിയത്. ഡോക്ടമാർ, ജീവനക്കാർ, നാട്ടുകാർ... എല്ലാവരും പാഞ്ഞ് നടക്കുന്നു. ചെളിയിൽ മുങ്ങിയതിനാൽ എന്നെ കുളിപ്പിക്കണമന്ന് ഡോക്ടർമാർ പറഞ്ഞു. വളരെ പെ​െട്ടന്ന്​ കുറച്ചുപേർ എന്നെ ബാത്തുറൂമിലേക്ക് എടുത്ത് കൊണ്ടുപോയി. അവർ പതുക്കെ എഴുന്നേൽപ്പിച്ച് കുപ്പായം വെട്ടി. വസ്​ത്രമെല്ലാം അഴിച്ച് വെള്ളമൊഴിക്കാൻ തുടങ്ങി.

അവരുടെ കൈകൊണ്ട് തന്നെ എല്ലാം വൃത്തിയാക്കി. മാസ്ക്കില്ല, ഗ്ലൗസില്ല, ഒരു സുരക്ഷയുമില്ലാതെ പാവം മനുഷ്യർ. ദുബൈയിൽനിന്ന്​ വന്ന എന്നെയാണ്​ അവർ കുളിപ്പിച്ചത്​. അതായത് നമ്മൾ 'കൊറോണയുടെ ഹോൾസെയിൽ' ആൾക്കാരാണല്ലോ. നാട്ടിലെ ചിലരെല്ലാം അങ്ങനെയാണല്ലോ ധരിച്ച് വെച്ചിരിക്കുന്നത്​. അതൊക്കെ മാറ്റിനിർത്തിയാണ്​ അവർ വെള്ളമൊഴിച്ച്​ വൃത്തിയാക്കിയത്​.

വിമാനത്തിൽ കയറിയത്​ മുതൽ മൂത്രം ഒഴിക്കാനുണ്ടായിരുന്നു. കോവിഡ് കാലമായതിനാൽ യാത്രക്കാർ ആരും വായ പോലും തുറന്നിരുന്നില്ല. വിമാനം ലാൻഡ്​ ചെയ്താൽ മൂത്രമൊഴിക്കണമെന്ന് കരുതിയതാണ്. അതിനിടയിലാണ്​ അപകടം ഉണ്ടാകുന്നത്​. കുളി കഴിഞ്ഞ്​ അവർ മൂത്രമൊഴിക്കണോ എന്ന് ചോദിച്ചു. ഞാൻ എങ്ങനെയാണ് അതൊന്ന്​ അവരോട് പറയുക എന്ന കരുതിയിരിക്കുമ്പോഴാണ് അവരുടെ ചോദ്യം. എന്നിട്ടവർ എന്നെ ക്ലോസറ്റിൽ ഇരുത്തിതന്നു. ശരീരത്തിൽ ഉടുതുണി പോലുമില്ല. നീ മൂത്രമൊഴിച്ച്​ ഒന്ന് റിലാക്സാവെന്ന്​ പറഞ്ഞു. എനിക്ക് മൂത്രം പോവാത്തതിനാൽ അവർ വെള്ളമൊഴിച്ചുതന്നു. എല്ലാം ഒഴിവാക്കിക്കോ, ഞങ്ങൾ കഴുകും മോനെ. ആരാണ്​ ഇങ്ങനെയൊക്കെ പറയുക. ഇതൊക്ക പറയുമ്പോൾ ചങ്ക് പിടക്കാണ്.


എന്നെ തോർത്തിയശേഷം ആരോ കൊണ്ടുവന്ന തുണി ഉടുപ്പിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ചളിയിൽ കുളിച്ച എന്നെ എക്സ്റേ എടുക്കാനെല്ലാം കൊണ്ടുപോയി. ആ മനുഷ്യൻ എ​െൻറ കൂടെ കുറേ സമയമുണ്ടായിരുന്നു. അയാൾ ആരാണെന്ന് അറിയില്ല. പക്ഷേ ആ കണ്ണുകൾ ഞാൻ എവിടെവച്ച് കണ്ടാലും തിരിച്ചറിയും. എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോഴും ആ മനുഷ്യൻ എ​െൻറ അടുത്ത് വന്നു. പാസ്പോർട്ടും പഴ്സും അയാൾ തന്നു. ഞാൻ അയാളുടെ കൈയൊന്ന് ആ സമയം പിടിച്ചു.

ഉമ്മ ​െവക്കണമെന്നാണ് കരുതിയത്. പക്ഷേ അയാൾ കൈവലിച്ച് പോയി. ഒരു ചെറുപ്പാക്കരൻ വന്ന്​, ഇക്കാ നിങ്ങൾ വീട്ടിലേക്ക് വിളിച്ചോ എന്ന് ചോദിച്ച് ഭാര്യക്ക് ഫോൺ വിളിച്ചുതന്നു. അവനാണ് എന്നെ കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അവനെ മറക്കാൻ പറ്റില്ല. വീണുപോയ എ​െൻറ മൊബൈലുമായി സാഹിർ എന്ന ചെറുപ്പാക്കരൻ കൊണ്ടോട്ടിയിൽനിന്ന്​ കോട്ടക്കൽ ആശുപത്രിയിലെത്തി.

ഇപ്പം കത്തിപ്പോകും, പൊട്ടിപ്പോകും എന്ന് കരുതുന്ന വിമാനത്തിലേക്ക് സ്വന്തം ജീവൻ പണയപ്പെടുത്തി കയറിപ്പോയവർ, ഇതിനിടക്ക് മൊബൈലും പഴ്സും തടസ്സമായപ്പോൾ വലിച്ചെറിഞ്ഞവർ, രാത്രി അവിടെ കഞ്ഞിവിതരണം ചെയ്ത നട്ടുകാർ... ഇതൊക്കെ കണ്ണീരോ​ടെയെല്ലാതെ എങ്ങനെ ഓർക്കാൻ പറ്റും.


ഇനി ദൈവം ആരോഗ്യവും മനസ്സുമെല്ലാം ശരിയാക്കി തന്നാൽ അവിടെ വരണം, അവരെ കാണണം. എങ്ങിനെയെങ്കിലും അവരെ കണ്ടെത്തണം. അത് വലിയ ഒരാഗ്രഹമാണ്. മരിക്കുന്നതിന്​ മുന്നേ കൊണ്ടോട്ടിയിലേക്ക് ഞാൻ പോകും, ആ പാവങ്ങളെ കാണാൻ. ആരെയും അറിയില്ല. പേര് പോലും ഇല്ല. അവരെ കണ്ടെത്താൻ ആയില്ലെങ്കിൽ പിന്നെ ജീവിതത്തിന്​ എന്തർഥം. ആയുസ്സ് ഒടുങ്ങും മു​േമ്പ നിങ്ങളെ കാണാൻ ആകണം. എന്നിട്ട് നിങ്ങളെ ചേർത്തുപിടിച്ച്​ നെറ്റിയിൽ ഉമ്മ വെക്കണം''. മരണത്തിൽനിന്ന് കൈപ്പിടിച്ച് ഉയർത്തിയ കൊണ്ടോട്ടിക്കാരുടെ കരുതുലിനെക്കുറിച്ച് 'മാധ്യമ'ത്തോട് പറയുമ്പോൾ ആഷിഖ് പലവട്ടം വിതുമ്പുന്നുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.