ആയുർവേദാചാര്യൻ ഡോ. പി.കെ. വാര്യർ വിടവാങ്ങി

കോട്ടക്കൽ: ആയുർവേദത്തിൻെറ പെരുമ ആകാശത്തോളം ഉയർത്തിയ ഭീഷ്മാചാര്യൻ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷൺ ഡോ. പി.കെ വാര്യർ എന്ന പി. കൃഷ്ണൻ വാര്യർ (100) വിട വാങ്ങി. പ്രായാധിക്യത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. സംസ്​കാരം ഇന്ന്​ വൈകിട്ട്​ നാലിന്​ കുടുംബ ശ്​മശാനത്തിൽ.

Full View

1921ജൂൺ അഞ്ചിന് ജനിച്ച പി.കെ വാര്യർ കഴിഞ്ഞ ജൂൺ ആറിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1948ൽ കോട്ടക്കൽ ആയുർവേദ കോളേജിൽനിന്ന് (പാഠശാല) ആര്യവൈദ്യൻ ബിരുദം നേടി. വിദ്യാഭ്യാസകാലത്ത് പുരോഗമനവിദ്യാഭ്യാസ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും പങ്കെടുത്ത് ശ്രദ്ധേയനായി. 1945ൽ ട്രസ്റ്റ് ബോർഡ് അംഗമായിരുന്നു. 1947ലാണ് ആര്യവൈദ്യശാല ഫാക്ടറി മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

ആദ്യത്തെ മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം വാരിയരുടെ നിര്യാണത്തെത്തുടർന്ന് 1953 ൽ ആര്യവൈദ്യശാലയുടെ സാരഥ്യം മുഴുവനായും ഏറ്റെടുത്തു. കഴിഞ്ഞ അര നൂറ്റാണ്ടുകാലം ആര്യവൈദ്യശാലയ്ക്കുണ്ടായ അഭിവൃദ്ധിക്ക് നെടുനായകത്വം വഹിച്ചത് പി.കെ. വാരിയരായിരുന്നു. ആഗോളതലത്തിൽ ആയുർവേദത്തിനുലഭിച്ച അംഗീകാരത്തിനും അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. ആസൂത്രണത്തിലുള്ള കഴിവും വ്യക്തിജീവിതത്തിലെ തെളിമയും ആർജവവുമാണ് പി.കെ വാരിയർ വിജയത്തിനു കാരണം.

ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായിരുന്നു. വിവിധ സാംസ്കാരിക സംഘടനകളുടേയും നേതൃ പദവികൾ വഹിച്ചു. അദ്ദേഹത്തിെൻറ പ്രബന്ധങ്ങളുടേയും പ്രഭാഷണങ്ങളുടേയും സമാഹാരമാണ് "പാദമുദ്രകൾ' എന്ന പ്രൗഢഗ്രന്ഥം. "സ്മൃതിപർവം' എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയും ജനപ്രീതി നേടി. 1992 മുതൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനാണ്. ആയുർവേദത്തിെൻറ സമഗ്ര സംഭാവനകൾക്ക് 1999 ൽ പത്മശ്രീയും 2010 ൽ പത്മഭൂഷണും നൽകി ആദരിച്ചു.

അന്തരിച്ച കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടേയും വൈദ്യരത്നം പി.എസ്. വാരിയരുടെ സഹോദരി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. ഭാര്യ: വിദുഷിയും കവയിത്രിയും സഹൃദയയുമായിരുന്ന കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ, സുഭദ്രരാമചന്ദ്രൻ, പരേതനായ വിജയൻ വാര്യർ. മരുമക്കൾ: രാജലക്ഷ്മി, , കെ.വി. രാമചന്ദ്ര വാര്യർ, രതി വിജയൻ.

Tags:    
News Summary - PK warrier passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.