പി.കെ.ശശിയെ വേഗത്തിൽ തിരിച്ചെടുത്തത്​ ശരിയായില്ല; പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം

പാലക്കാട്​: സി.പി.എം പാലക്കാട്​ ജില്ലാ സമ്മേളനത്തിൽ പി.കെ.ശശിക്കെതിരെ വിമർശനം. പാർട്ടി നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തത്​ ശരിയായില്ലെന്നാണ്​ വിമർശനം. കെ.ടി.ഡി.സി ചെയർമാൻ ആയപ്പോൾ ശശി പത്രപരസ്യം നൽകിയത്​ സംബന്ധിച്ചും വിമർശനം ഉയർന്നു. പുതുശ്ശേരി, പട്ടാമ്പി ഏരിയ കമ്മിറ്റികളാണ്​ പ്രധാനമായും വിമർശനം ഉന്നയിച്ചത്​.

സർക്കാറിന്‍റെ പൊലീസ്​ സ​​മ്പ്രദായത്തിനെതിരെയും വിമർശം ഉയർന്നു. പൊലീസ്​ സർക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്​. ഇത്​ തിരുത്തപ്പെടണമെന്ന്​ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണ​മ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ചു. സി.കെ.ചാമുണ്ണി മാത്രമല്ല ഇടപാടിലെ കുറ്റക്കാരൻ. ഒറ്റപ്പാലം സഹകരണബാങ്ക്​ അഴിമതിയുമായി ബന്ധപ്പെട്ട്​ അന്വേഷണം വേണമെന്നും പ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.

അതേസമയം, പാലാക്കാട്​ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്​ പി.കെ.ശശിയുടെ പേരും ഉയർന്ന്​ കേൾക്കുന്നുണ്ട്​. മൂന്ന്​ ടേം പൂർത്തിയാക്കിയ സി.കെ. രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്​. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ ഒമ്പത് എണ്ണത്തിൽ പി.കെ. ശശി വിഭാഗത്തിനും ആറ് ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനുമാണ് മേൽക്കൈ.

ചിറ്റൂർ, കൊല്ലങ്കോട്, വടക്കഞ്ചേരി, പാലക്കാട്, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, അട്ടപ്പാടി, പട്ടാമ്പി, തൃത്താല ഏരിയ കമ്മിറ്റികളിലാണ്​ ശശി പക്ഷത്തിന് ഭൂരിപക്ഷമുള്ളത്. ഒറ്റപ്പാലം, ആലത്തൂർ, കുഴൽമന്ദം, ശ്രീകൃഷ്ണപുരം, പുതുശ്ശേരി, മുണ്ടൂർ ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനാണ് സ്വാധീനം. വിഭാഗീയത ശക്തമായ പുതുശ്ശേരി, കുഴൽമന്ദം ഏരിയ കമ്മിറ്റികളിൽനിന്ന്​ മാത്രമാണ് ശശി വിരുദ്ധർക്ക്​ പൂർണ പിന്തുണയുള്ളത്. സംസ്ഥാന നേതൃത്വം ശക്തമായി നിർദേശിച്ചാല്‍ എന്‍.എന്‍. കൃഷ്ണദാസിന് നറുക്കുവീഴാം.

ആരോപണങ്ങളെത്തുടര്‍ന്ന് രണ്ടാമൂഴത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയ പി.കെ. ശശിയെ ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ശശി അനുകൂലികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, കെ.ടി.ഡി.സി ചെയര്‍മാര്‍ സ്ഥാനത്ത് എത്തി അധികമാവാത്തതിനാല്‍ ശശിയെ പരിഗണിക്കാനിടയില്ല. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.കെ. ചന്ദ്രന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ചര്‍ച്ചകളിലുള്ളത്. സമവായ സ്ഥാനാർഥിയായി വി. ചെന്താമരാക്ഷനും പരിഗണിക്കപ്പെ​ട്ടേക്കാം

Tags:    
News Summary - PK Sasi's quick retrieval was not right; Criticism at the Palakkad District Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.