പി.കെ. കുഞ്ഞാലിക്കുട്ടി, രാഹുൽ ഗാന്ധി
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നെഹ്റു കുടുംബത്തെ ഫിനിഷ് ചെയ്തത് ഇന്ത്യ കണ്ടതല്ലേ എന്നും ഇത് നിസാര കാര്യമാണോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
'രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് പറഞ്ഞാൽ നിസാരകാര്യമാണോ?. സംഭവം നടക്കില്ലെന്ന് സർക്കാറിന് എന്ത് ഉറപ്പാണുള്ളത്. എന്താണ് ഇതിന്‍റെ പ്രേരണ, എവിടുന്നാണ് ഇത് വന്നത്, ആരാണ് ഇതിന്‍റെ പിന്നിൽ... ഇതെല്ലാം നോക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണ്. നെഹ്റു കുടുംബത്തെ ഫിനിഷ് ചെയ്തത് ഇന്ത്യ കണ്ടതല്ലേ. അത് നിസാര കാര്യമാണോ' -കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ദേശീയ നേതാവായ രാഹുൽ ഗാന്ധി സംസ്ഥാനത്ത് ഇടക്കിടെ വന്നു പോകുന്ന ആളാണ്. അദ്ദേഹത്തെ വെടിയുതിർക്കുമെന്ന് ഒരു ഊമക്കത്ത് കിട്ടിയാൽ, അതിന്‍റെ പേരിൽ പൊലീസ് കേസെടുക്കേണ്ടേ?. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഒരു സർക്കാർ നിസാരമെന്ന് പറഞ്ഞത് എങ്ങനെയാണ്. രാഹുൽ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ആളാണ്. രാജ്യം ഉയർന്ന പരിഗണന നൽകി കൊണ്ടു നടക്കുന്ന ആളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെടിവെച്ച് കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യത്തെ സർക്കാർ നിയമസഭയിൽ പറഞ്ഞത് നിസാര സംഭവമെന്നാണ്. അത്ഭുതകരമായിരിക്കുന്നു. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പറയുമെന്നാണ് പ്രതിപക്ഷം കരുതിയത്. നിസാര സംഭവമെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് പിന്നില്‍ ബി.ജെ.പി - സി.പി.എം അവിശുദ്ധ ബന്ധമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യുന്ന സര്‍ക്കാരാണ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്നു പറഞ്ഞ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്ന് സഭ സ്തംഭിച്ചുള്ള പ്രതിഷേധത്തിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം വളരെ നിസാരമെന്ന മട്ടിലാണ് സ്പീക്കര്‍ സര്‍ക്കാറിനു വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. നെഞ്ചില്‍ നിറയൊഴിക്കുമെന്ന് പറഞ്ഞത് നിസാര സംഭവമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബി.ജെ.പിയെ ഭയന്നാണ് അയാളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്.
കേരളത്തിലെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തിയ പ്രക്ഷോഭം യു.ഡി.എഫും ഏറ്റെടുക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ പോലും പരസ്യമായി ന്യായീകരിക്കാത്ത പ്രതിയെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും സംരക്ഷിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.