ഉദ്യോഗാർഥികൾക്ക് മുന്നിൽ മുട്ടുമടക്കിയില്ലെങ്കിൽ സര്‍ക്കാര്‍ മുട്ടിലിഴയേണ്ടി വരും -കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിന്‍റെ മത്സ്യസമ്പത്ത് നഷ്ടപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടികൾ സ്വീകരിച്ചാൽ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അതു റദ്ദാക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വരുമാനമില്ലാത്ത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. മൂലധന നിക്ഷേപമില്ലാത്ത തട്ടിപ്പ് കമ്പനികൾ സംസ്ഥാനത്തിന്‍റെ മത്സ്യമേഖലയെ തുറന്നു കൊടുക്കുന്നത് ഗൗരവമുള്ള വിഷയമാണ്. ഇക്കാര്യം യു.ഡി.എഫ് ചർച്ച ചെയ്യും. ഈ വിഷയത്തിലെ മുന്നണിയുടെ നയം പ്രകടനപത്രികയിൽ വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് മാത്രമായി ഇക്കാര്യത്തിലൊരു തീരുമാനവും എടുക്കാനാവില്ല. തട്ടിപ്പ് കൈയോടെ പിടിച്ചപ്പോൾ ഒഴിഞ്ഞു മാറുകയാണ് എൽ.ഡി.എഫ് സര്‍ക്കാരെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

പി.എസ്.സി ഉദ്യോഗാർഥികൾക്ക് മുന്നിൽ മുട്ടുമടക്കിയില്ലെങ്കിൽ ഇടത് സര്‍ക്കാര്‍ പിന്നീട് മുട്ടിലിഴയേണ്ടി വരും. വഴിവിട്ട നിയമനങ്ങൾ അധികാരത്തിലേറുന്ന യു.ഡി.എഫ് സർക്കാർ പുനഃപരിശോധിക്കും. ജനകീയ സമരങ്ങളെ ആസൂത്രിത കലാപങ്ങളെന്ന് മുദ്ര കുത്തുന്നത് മർദിത ഭരണകൂടങ്ങളുടെ സ്വഭാവമാണ്. കർഷക സമരത്തെ കുറിച്ച് കേന്ദ്രസർക്കാരും ഇതുതന്നെയാണ് പറഞ്ഞതെന്നും കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - PK Kunhalikutty React to J Mercykutty Amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.