'യുദ്ധമുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുത്', കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയ​െമ്പയ്​ത്​ അബ്​ദുറബ്ബ്​

കോഴിക്കോട്​: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗിന്​ തിരിച്ചടി നേരിട്ടതിനു പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ മുനവെച്ച വിമർശനങ്ങളുമായി മുൻ മന്ത്രി പി.കെ. അബ്​ദുറബ്ബ്​. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയ​െമ്പയ്യുന്ന ഫേസ്​ബുക്​ കുറിപ്പിൽ കെ.എം. ഷാജി, കെ.എൻ.എ ഖാദർ തുടങ്ങിയവർക്ക്​ എതിരെയുമെന്ന്​ സൂചിപ്പിക്കുന്ന വിമർശനങ്ങളുമുണ്ട്​. പൂർവസൂരികൾ അവരുടെ ചിന്തയും വിയർപ്പും രക്തവും നൽകി പതിറ്റാണ്ടുകളായി പടുത്തുയർത്തിയ പ്രസ്ഥാനം സ്വകാര്യ ലാഭങ്ങൾക്കു വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല എന്ന തിരിച്ചറിവുള്ള അണികൾ രൂക്ഷമായി പ്രതിഷേധിക്കുമെന്നും കുറിപ്പിൽ മുന്നറിയിപ്പു നൽകുന്നു.

'ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വർഷം അവരുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങാനാണെന്നതാണ് യാഥാർഥ്യം. അതു മറക്കുന്നിടത്ത് മൂർദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു. യുദ്ധമുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുതെന്ന്​ കുറിപ്പിൽ പറയുന്നു. എം.പി. സ്​ഥാനം പാതിവഴിയിൽ രാജിവെച്ച്​ വേങ്ങരയിൽ മത്സരിക്കാനിറങ്ങിയ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ്​ ഈ പ്രയോഗം. പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവർ നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സിൽ കെട്ടി വെച്ചാൽ ഏതു മഹാനാണെങ്കിലും ജനം അതിന്‍റെ മറുപടി തന്നിരിക്കുമെന്നതും ഈ തെരഞ്ഞെടുപ്പ്​ ഉണർത്തുന്നുവെന്ന്​ അബ്​ദുറബ്ബ്​ ചൂണ്ടിക്കാട്ടുന്നു.

അവനവന്‍റെ സ്വത്വം പണയം വെച്ച് അപരന്‍റെ വിശ്വാസ പ്രതീകങ്ങളെ പുൽകുന്ന കപട പ്രകടനം നടത്തിയാൽ മതേതരത്വം ആകുമെന്നും അതിലൂടെ തെരഞ്ഞെടുപ്പു കടമ്പ കടക്കാമെന്നും കരുതിയാൽ ഇനിയും തോൽവിയുടെ ശീവേലി ആയിരിക്കും ഫലമെന്ന വിമർശനം കെ.എൻ.എ. ഖാദറിനെ ലക്ഷ്യമിട്ടാണ്​. മണ്ഡലം അറിയാത്തവരെയും മണ്ഡലത്തിലുള്ളവർക്ക് അറിയാത്തവരെയും സാധാരണ ജനം തിരസ്കരിക്കുമെന്നതും ഓർക്കേണ്ടതായിരുന്നുവെന്ന്​ സ്​ഥാനാർഥി നിർണയത്തെ കുറ്റപ്പെടുത്തി കുറിപ്പിൽ വിമർശിക്കുന്നുണ്ട്​.

പ്രസ്ഥാന സ്നേഹത്താൽ അഭിപ്രായം പറയുന്നവനെയും തെറ്റ് ചൂണ്ടി കാട്ടുന്നവരെയും പ്രതിഷേധിക്കുന്നവരെയും ശത്രുവായി കാണാനും ഇല്ലായ്മ ചെയ്യാനും ഉള്ള ത്വര പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുമെന്നതിൽ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. തിരൂരങ്ങാടിയിൽ അബ്​ദുറബ്ബിനെ മാറ്റി ഇത്തവണ കെ.പി.എ. മജീദിനെയാണ്​ ലീഗ്​ മത്സരിപ്പിച്ചത്​.


അബ്​ദുറബ്ബിന്‍റെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം..

കേരളത്തിൽ പതിവ് തെറ്റിച്ചുള്ള ഒരു തെരഞ്ഞെടുപ്പു ഫലം വന്നിരിക്കുമ്പോൾ നാം ആഴത്തിൽ ആത്മ വിശകലനം നടത്തേണ്ടതിന്റെ ആവശ്യകത പൂർവ്വാധികം ശക്തമായിരിക്കുന്നു.
ഈ പരാജയത്തിൽ ഞാനടക്കമുള്ള നേതൃത്വത്തിന്റെ പങ്ക് നിഷേധിക്കുന്നതിനു പകരം ജനഹിതം തിരിച്ചറിഞ്ഞു വീഴ്ചകൾ തിരുത്തിയുള്ള മുന്നോട്ട് പോക്കാണ് ആവശ്യം.
തെരെഞ്ഞെടുപ്പുകളിൽ ജയ പരാജയങ്ങൾ സ്വഭാവികമാണ്. ഇതിലും വലുതും ഭീകരവുമായ പരാജയങ്ങൾ ഇരു മുന്നണികൾക്കും സംഭവിച്ചിട്ടുമുണ്ട്. അതിൽ നിന്നും പാഠം ഉൾക്കൊണ്ട് പൂർവ്വാധികം ശക്തിയിൽ ഫീനിക്സ് പക്ഷിയെ പോലെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഉയർത്തെഴുന്നേറ്റിട്ടുമുണ്ട്. ഇനിയും നാം അതിനു ശക്തരുമാണ്.
എങ്കിലും, അനുകൂല സാഹചര്യത്തിലും സ്വയം കൃതാനർത്ഥത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഈ ഭീമൻ പരാജയം മുന്നണിയിലെ സർവ കക്ഷികളെയും, വിശിഷ്യ ലീഗിനെയും കോൺഗ്രസ്സിനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതും തെറ്റു തിരുത്തി മുന്നോട്ട് പോകാനുള്ള ആർജ്ജവവും വിശാലതയും നേതൃത്വവും അണികളും കാണിക്കേണ്ടതും അനിവാര്യമാണ്.
മറിച്ച്, ഇനിയും പരിഹാസ്യമായ ന്യായീകരണങ്ങളുമായി ജനതയുടെ മുന്നിൽ പ്രത്യക്ഷപ്പെടാനാണ് തീരുമാനമെങ്കിൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ലെന്ന് മറക്കരുത്.
പ്രസ്ഥാനമാണ് പരമമെന്ന ബോധത്തിൽ നിന്നു തുടങ്ങണം തെറ്റു തിരുത്തൽ.
പൂർവസൂരികൾ അവരുടെ ചിന്തയും വിയർപ്പും രക്തവും നൽകി പതിറ്റാണ്ടുകളായി പടുത്തുയർത്തിയ പ്രസ്ഥാനം സ്വകാര്യ ലാഭങ്ങൾക്കു വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല എന്ന തിരിച്ചറിവുള്ള അണികൾ പ്രതികരിക്കും, രൂക്ഷമായി പ്രതിഷേധിക്കും.
അതിനെ "തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിൽ അഭിമുഖീകരിക്കാൻ മുതിർന്നാൽ പ്രസ്ഥാനത്തിനെ തന്നേക്കാൾ സ്നേഹിക്കുന്ന അണികൾ കയ്യും കെട്ടി നോക്കി നിൽക്കുമെന്ന് കരുതുന്നവർ ആരായാലും അവർ മൂഢ സ്വർഗ്ഗത്തിലാണ് എന്നതാണ് സത്യം.
ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വർഷം അവരുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങാനാണെന്നതാണ് യാഥാർഥ്യം. അതു മറക്കുന്നിടത്ത് മൂർദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു.
യുദ്ധ മുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകൻ തിരുമേനി(സ. അ )വിശേഷിപ്പിച്ചത് നാം ഇത്തരുണത്തിൽ മറക്കരുത്.
ജനാധിപത്യത്തെയും മതേതരത്വത്തെയും മനസ്സിലാക്കിയിടത്തു നമ്മിൽ പലർക്കും തെറ്റു പറ്റിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല ജനങ്ങളുടെ ആധിപത്യമാണ് ജനാധിപത്യം.
സ്വത്വത്തിലുറച്ച് അന്യന്റെ വിശ്വാസങ്ങളെ ബഹുമാനിക്കലാണ് യഥാർത്ഥ മതേതരത്വം എന്ന തിരിച്ചറിവ് ഏതൊരാൾക്കും ഗുണം ചെയ്യും. അവനവന്റെ സ്വത്വം പണയം വെച്ച് അപരന്റെ വിശ്വാസ പ്രതീകങ്ങളെ പുൽകുന്ന കപട പ്രകടനം നടത്തിയാൽ മതേതരത്വം ആകുമെന്നും അതിലൂടെ തെരഞ്ഞെടുപ്പു കടമ്പ കടക്കാമെന്നും കരുതിയാൽ ഇനിയും തോൽവിയുടെ ശീവേലി ആയിരിക്കും ഫലം.
ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകരാണ് പ്രസ്ഥാനത്തിന്റെ കരുത്ത്. അവരുടെ അഭിപ്രായം കേൾക്കാനും വിമർശനങ്ങൾ ഉൾകൊള്ളാനും അതിനനുസരിച്ചു കാര്യങ്ങൾ നയിക്കാനും ഉള്ള മനസ്സാണ് ഞാനടക്കമുള്ള നേതൃത്വത്തിന് വേണ്ടത്. അല്ലാതെ പ്രസ്ഥാന സ്നേഹത്താൽ അഭിപ്രായം പറയുന്നവനെയും തെറ്റ് ചൂണ്ടി കാട്ടുന്നവരെയും പ്രതിഷേധിക്കുന്നവരെയും ശത്രുവായി കാണാനും ഇല്ലായ്മ ചെയ്യാനും ഉള്ള ത്വര പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല.
പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവർ നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സിൽ കെട്ടി വെച്ചാൽ ഏതു മഹാനാണെങ്കിലും ജനം അതിന്റെ മറുപടി തന്നിരിക്കുമെന്നതും ഈ തെരഞ്ഞെടുപ്പു നമ്മെ ഉണർത്തുന്നു. മണ്ഡലം അറിയാത്തവരെയും മണ്ഡലത്തിലുള്ളവർക്ക് അറിയാത്തവരെയും സാധാരണ ജനം തിരസ്കരിക്കുമെന്നതും ഓർക്കേണ്ടതായിരുന്നു.
പൂർവ്വികർ നമ്മെ ഏൽപ്പിച്ച ഈ പ്രസ്ഥാനത്തെ കേടുപാടുകൾ കൂടാതെ പൂർവാധികം ശോഭയോടെ അടുത്ത തലമുറയ്ക്ക് കൈമാറലാണ് നമ്മുടെ ദൗത്യം. അതിനായി തെറ്റുകൾ മനസ്സിലാക്കി സ്വയം തിരുത്തുക. അതിനു തയ്യാറല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ തിരുത്തിക്കുക. രണ്ടും സാധ്യമല്ലെങ്കിൽ സ്വയം മാറി നിൽക്കാനുള്ള ദയയെങ്കിലും നമ്മളെ നമ്മളാക്കിയ ഈ പ്രസ്ഥാനത്തോട് കാണിക്കുക...
ഈ പരാജയത്തിന്റെ ഉത്തരവാദികൾ ഞാനടക്കമുള്ള നേതൃത്വം ആണെന്നതും ഞഞ്ഞാപിഞ്ഞാ കാരണങ്ങൾ പറയാതെ അത് ഉൾകൊള്ളാനുള്ള ചങ്കുറപ്പ് നാം കാണിക്കേണ്ടതാണെന്നും ഒന്നു കൂടെ ഓർമ്മിപ്പിക്കുന്നു.
ലോക നിയന്താവായ പടച്ചവൻ നന്മകൾ ചൊരിയട്ടെ...
Tags:    
News Summary - P.K. Abdu Rabb's Facebook Post Against League Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.