പത്തനംതിട്ട: കോൺഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ. കുര്യൻ. ശശി തരൂർ സാമാന്യ മര്യാദ കാണിക്കണമായിരുന്നുവെന്ന് പി.ജെ. കുര്യൻ പറഞ്ഞു.
എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എം.പി ആക്കിയത് കോൺഗ്രസ് ആണെന്ന് മറക്കരുത്. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദിയുടെ തെറ്റുകളും തുറന്നു പറയാൻ തരൂർ തയാറാകണം. തരൂർ ബി.ജെ.പിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
വിദേശയയാത്രക്കുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ തരൂർ പാർട്ടിയോട് അനുവാദം ചോദിക്കണമായിരുന്നു. പാർട്ടിയോട് ചോദിക്കാതെ കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിച്ചത് തെറ്റ്. കോൺഗ്രസ് കേന്ദ്ര നേതൃത്വം വിവാദങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി.
ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിലേക്കുള്ള കേന്ദ്ര സർക്കാർ ക്ഷണം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെ വിമർശിച്ച് കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ രംഗത്തു വന്നിരുന്നു. ശശി തരൂർ പാർട്ടിയെ ചവിട്ടിമെതിക്കരുതെന്നും പാർട്ടിക്ക് വിധേയനായിരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
അന്തർദേശീയരംഗത്ത് ഏത് തലംവരെ വേണമെങ്കിലും അദ്ദേഹത്തിന് പോകാം. അതിന് പാർട്ടിയുടെ അംഗീകാരവും അനുമതിയും വാങ്ങണം. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അംഗമെന്ന നിലയിൽ അദ്ദേഹം പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ. എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണം. പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ടു പോവുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.