ജിൻസി രാജു

സ്ഥാനമൊഴിഞ്ഞ സി.പി.എം ചെയർപേഴ്സൻ വോട്ട് അസാധുവാക്കി; പിറവം നഗരസഭ യു.ഡി.എഫിന്

പിറവം (കൊച്ചി): മുൻ ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനമൊഴിഞ്ഞ ഇടത് അംഗത്തിന്‍റെ വോട്ട് അസാധുവായതിനെത്തുടർന്ന് പിറവം നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചു. പുതിയ ചെയർപേഴ്സനായി കോൺഗ്രസിലെ ജിൻസി രാജു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജിൻസി രാജുവിനും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ അഡ്വ. ജൂലി സാബുവിനും തുല്യവോട്ട് ലഭിച്ചു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ജിൻസി രാജു വിജയിച്ചത്. നഗരസഭയുടെ ആറാം ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന ജിൻസി രാജു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

27 കൗൺസിലർമാരുള്ള നഗരസഭയിൽ 14 സീറ്റ് എൽ.ഡി.എഫിനും 13 സീറ്റ് യു.ഡി.എഫിനുമാണ്. സി.പി.എം പ്രതിനിധിയും സ്ഥാനമൊഴിഞ്ഞ ചെയർപേഴ്സനുമായ ഏലിയാമ്മ ഫിലിപ്പിന്‍റെ വോട്ട് അസാധുവായതാണ് ഇരുമുന്നണിക്കും വോട്ട് തുല്യമാകാൻ കാരണം.

ആദ്യ രണ്ടര വർഷം സി.പി.എമ്മിനും ബാക്കി രണ്ടര വർഷം സി.പി.ഐക്കും ചെയർപേഴ്സൻ പദവി എന്ന ധാരണ പ്രകാരമാണ് പാർട്ടി നിർദേശമനുസരിച്ച് ഏലിയാമ്മ ഫിലിപ് രാജിവെച്ചത്. എന്നാൽ, ജൂലി സാബു ചെയർപേഴ്സനാകുന്നതിനെ എതിർത്തിരുന്ന ഏലിയാമ്മ ബാലറ്റ് പേപ്പറിന്‍റെ മറുവശത്ത് പേരെഴുതി ഒപ്പിടാതെ ബോധപൂർവം വോട്ട് അസാധുവാക്കുകയായിരുന്നത്രെ.

വരണാധികാരിയും വോട്ടിങ്ങിന് തൊട്ടുമുമ്പ് മുന്നണി കൗൺസിലർമാരും കൃത്യമായി നിർദേശങ്ങൾ നൽകിയിരുന്നതാണെന്ന് എൽ.ഡി.എഫ് വൃത്തങ്ങൾ പറയുന്നു.

Tags:    
News Summary - Piravom Municipality to UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.