അത്താണിയിൽ നെഞ്ച് പിടയുന്ന നൊമ്പരത്തിന്‍റെ ദയനീയരംഗം!
അത്താണി: നെഞ്ച് പിടയുന്ന നൊമ്പരത്തിന്‍റെ ദയനീയരംഗമായിരുന്നു ഞായറാഴ്ച അത്താണി വി.ഐ.പി റോഡിൽ. ഞായറാഴ്ച നേരം പുലർന്നപ്പോൾ സ്കൂട്ടറിൽ സഞ്ചരിച്ച രണ്ട് യുവതികളും യുവാവും കാറിടിച്ച് മരിക്കാനിടയായ ദാരുണസംഭവമാണ് നാടറിഞ്ഞത്. അപകടത്തിൽ ജീവൻ പൊലിഞ്ഞ യുവത്വങ്ങളുടെ റോഡിൽ ചിതറിക്കിടന്ന ചേതനയറ്റ ശരീരങ്ങൾ നൊമ്പരക്കാഴ്ചയായിരുന്നു. പഠനത്തോടൊപ്പം ജോലിയും ലക്ഷ്യമാക്കി നാടും വീടും വിട്ട് കൊച്ചിയിലെത്തിയവരാണ് നൊമ്പരമായി പര്യവസാനിച്ചത്.
തൃക്കാക്കരയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ദക്ഷിണ കന്നട സുളളിയ സ്വദേശി ഇയ്യാസ് (21), വയനാട് കൽപറ്റ സ്വദേശിനി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരുടെ ജീവനാണ് മദ്യലഹരിയിലായ യുവാവ് ഓടിച്ച കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് പൊലിഞ്ഞത്. കൊച്ചിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ളതിനാൽ അഭ്യസ്ഥവിദ്യരായ യുവതി, യുവാക്കൾ പലരും മുഴുസമയവും പാർട് ടൈം ആയും ജോലി ചെയ്യാൻ കൊച്ചി തെരഞ്ഞെടുക്കുന്നത് കൂടി വരുകയാണ്. രാവിലെ ജോലി ചെയ്ത് രാത്രിയിൽ വിശ്രമസമയം ആസ്വദിക്കുന്നതിന് മറ്റിടങ്ങളേക്കാൾ കൂടുതൽ നെടുമ്പാശ്ശേരിയാണ് പലരെയും ആകർഷിക്കുന്നത്. പഠിക്കാനുള്ള പണം ജോലി ചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലേക്കെത്തുന്നവരും കൂടി വരികയാണ്.
ഇത്തരത്തിൽ ജീവിതസ്വപ്നം കണ്ട മൂവരുമാണ് ഞായറാഴ്ച പുലർച്ചെ അകാല മൃത്യുവരിച്ചത്. കെ.എൻ.എം കോളജിൽനിന്ന് ബി.ബി.എക്കൊപ്പം ഏവിയേഷൻ കോഴ്സും പൂർത്തിയാക്കിയ ശേഷമാണ് ദേവികയും ഗോപികയും അനുയോജ്യമായ ജോലി എറണാകുളത്ത് നിലയുറപ്പിച്ച് അന്വേഷിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷം മുമ്പ് തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ താത്ക്കാലിക ജോലി ചെയ്ത് വന്നിരുന്നത്. മരിച്ച മൂവരുടെതും പാവപ്പെട്ട കുടുംബങ്ങളാണ്. മാതാപിതാക്കളെ വിഷമിപ്പിക്കാതെ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വപ്നവുമായി കൊച്ചിയിലെത്തിയ ഇവരുടെ മോഹമാണ് വാഹനാപകടമായി അസ്തമിച്ചത്.
ഇയ്യാസിന്റെ പിതാവ് ഇബ്രാഹിം ദുബൈയിലാണ്. ലോജിസ്റ്റിക് കോഴ്സ് പൂർത്തിയാക്കിയ ശേഷം മകന് ഗൾഫിൽ നല്ലൊരു ജോലി തരപ്പെടുത്തണമെന്ന ഇബ്രാഹിമിന്‍റെ സ്വപ്നവുമാണ് തകർന്നടിഞ്ഞത്. ഞായറാഴ്ച കൂട്ടുകാരെല്ലാം പിരിഞ്ഞതോടെ ദേവികയെയും ഗോപികയെയും താമസസ്ഥലത്താക്കാൻ ഇയ്യാസ് സ്കൂട്ടറിൽ കൊണ്ടുപോകുമ്പോഴാണ് നിമിഷങ്ങൾക്കകം മൂവരുടെയും ജീവൻ പൊലിഞ്ഞത്.
നെടുമ്പാശ്ശേരിയിലേക്കുള്ള രാത്രിസഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. പകലിനേക്കാൾ തിരക്കും തലങ്ങും വിലങ്ങും വാഹന സഞ്ചാരവും മൂലം അപകടങ്ങൾ നിത്യ കാഴ്ചയാവുകയാണ്. രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കാത്തത് സാമൂഹിക വിരുദ്ധ, അസാന്മാർഗിക ശല്യങ്ങൾ രൂക്ഷമാക്കുന്നുവെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.