പതങ്കയം ചെറുകിട ജലവൈദ്യുതി പദ്ധതി 17ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: മലബാറിലെ ആദ്യത്തെ സ്വകാര്യ ചെറുകിട വൈദ്യുതി സംരംഭമായ പതങ്കയത്തെ ചെറുകിട ജലവൈദ്യുതി പദ്ധതി ജനുവരി 17ന് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇരുമ്പുരുക്ക് വ്യവസായ രംഗത്തെ പ്രമുഖരായ മിനാര്‍ ഗ്രൂപ്പിന്‍െറ പുതിയ കാല്‍വെപ്പായ  പദ്ധതിക്ക് എട്ട് മെഗാവാട്ട് ശേഷിയാണുള്ളതെന്ന് മിനാര്‍ ഗ്രൂപ് എം.ഡി എ. മുഹമ്മദ് ഷാഫി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്നക്കുട്ടി ദേവസ്യ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മിനാര്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബി.ഒ.ടി വ്യവസ്ഥയിലാണ് ജലവൈദ്യുതി പദ്ധതി ആരംഭിച്ചത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയിലാണ് പദ്ധതി. ജല-വായു-ശബ്ദ മലിനീകരണമില്ലാത്ത സംരംഭമാണിതെന്ന് ഇവര്‍ പറഞ്ഞു.

2.5 മീറ്റര്‍ വ്യാസത്തിലും 1090 മീറ്റര്‍ നീളത്തിലുമുള്ള ഹെഡ്റൈസ് പൈപ്പും 2.2 മീറ്റര്‍ 635 മീറ്റര്‍ നീളത്തിലുമുള്ള പെന്‍സ്റ്റോക് പൈപ്പും പവര്‍ ഹൗസ്, സ്വിച്ച് യാര്‍ഡ് എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഓപണ്‍ കനാലിനു പകരം ഉരുക്ക് പൈപ്പ് ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വൈദ്യുതി പദ്ധതിയാണിത്. 2.2 ഹെക്ടര്‍ ഭൂമിയാണ് പദ്ധതി പ്രദേശം. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്കാണ് നല്‍കുക. വൈദ്യുതി പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമാകുന്ന പദ്ധതി 17 മാസംകൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നെല്ലിപ്പൊയില്‍ സെന്‍റ് തോമസ് എല്‍.പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആനക്കാംപൊയില്‍ ചെറുകിട പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി എം.എം. മണി നിര്‍വഹിക്കും. 55 കോടിയാണ് പദ്ധതിയുടെ ചെലവ്. കോടഞ്ചേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോര്‍ജുകുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി പറക്കണ്ടത്തില്‍, മെംബര്‍ സിജി വാവലുകുന്നേല്‍, മിനാര്‍ ഗ്രൂപ് ടി.എം. അഹമ്മദ് കോയ, അബ്ദുല്‍ ലത്തീഫ്, പി.എം. സുല്‍ഫിക്കര്‍, വി.പി. ഷാഹുല്‍ ഹമീദ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.