കൊല്ലം: മതനിരേപക്ഷത എന്ന മഹാശക്തിക്ക് മുന്നിൽ എല്ലാ അക്രമികളും നിസ്സഹായരാവുമെന്ന് മുഖ്യമന്ത്രി പിണനായി വിജയൻ. കൊല്ലത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന ശബരിമലയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സന്നിദാനത്ത് ഒാരോദിവസവും തങ്ങാവുന്നവരെ മാത്രമേ കടത്തിവിടൂ. കൂടുതലായെത്തുന്നവർ ബേസ് ക്യാമ്പിൽ തങ്ങണം. ദർശനം നടത്താനെത്തിയിട്ട് തങ്ങൾ പ്രേത്യകം അവകാശമുള്ളവരാണെന്ന് പറഞ്ഞ് ശബരിമലയിൽ ക്യാമ്പ് ചെയ്യാമെന്ന് ആരെങ്കിലും വിചാരിച്ചാൽ നടക്കില്ല. സന്നിദാനം ഭക്തരുടെ താവളമാണ്. ക്രിമിനലുകളുടേതാകാൻ പാടില്ല.
ശബരിമലയിലെത്തുന്നതിന് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്രമീകരണങ്ങൾ വിശദീകരിച്ച് കത്തയച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മുമ്പ് യോഗം വിളിക്കും. കോടതിവിധി വന്നപ്പോൾ സ്വാഗതംചെയ്തവർ പിന്നീട് എതിരായി പ്രവർത്തിച്ചു. അർ.എസ്.എസും ബി.ജെ.പിയും കലാപം നടത്താൻ ശ്രമിച്ചു. ചേരാൻ പാടില്ലാത്തവരും അവർക്കൊപ്പം ചേർന്നു. കോൺഗ്രസിലെ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് കാലെടുത്തുവെച്ച് നിൽക്കുന്നവരാണ്. ബി.ജെ.പി നടത്തിയ പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് ആളെ കൂട്ടിക്കൊടുത്ത് അപഹാസ്യരാവുകയാണ്. ശബരിമലയിൽ കാര്യങ്ങൾ വഷളാകാതിരുന്നത് പൊലീസിെൻറ സമയോചിത ഇടപെടലും സമചിത്തതയുംകൊണ്ടാണ്. ശബരിമലയിൽ നേരത്തെ തടസ്സംകൂടാതെ സ്ത്രീകൾ പോയിരുന്നു. കുമ്മനം രാജശേഖരൻ തന്ത്രിക്കയച്ച കത്തും തന്ത്രിയുടെ മറുപടി കത്തും ഇതിന് തെളിവാണ്. ഇക്കാര്യങ്ങളിലെല്ലാം കോടതിയിൽ വാദം നടന്നിരുന്നു.
1991ലാണ് യുവതീപ്രവേശനം ഹൈകോടതി നിരോധിച്ചത്. എൽ.ഡി.എഫ് സർക്കാറാണ് ഉത്തരവ് നടപ്പാക്കിയത്. വ്യത്യസ്ത നിലപാടായിരുന്നിട്ടുപോലും ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോയില്ല. അപ്പീൽ പോയത് ആർ.എസ്.എസ് ബന്ധമുള്ളവരാണ്. ശബരിമല കേസിൽ വിശദവാദമാണ് സുപ്രീംകോടതിയിൽ നടന്നത്. പ്രശസ്തരായ നൂറോളം അഭിഭാഷകർ ഹാജരായി. ഇവരിൽ ഭൂരിഭാഗംപേരും സ്ത്രീ പ്രവേശനത്തിനെതിരായാണ് വാദിച്ചത്. പുരുഷെൻറ ഒപ്പം സ്ത്രീക്കും ആരാധനസ്വാതന്ത്ര്യമുെണന്നും പക്ഷേ വിധി എന്താണെങ്കിലും അംഗീകരിക്കാമെന്നുമായിരുന്നു എൽ.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്. പുനഃപരിശോധന ഹരജിയുമായി സർക്കാർ പോയാൽ അപഹാസ്യമാകും-മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.