തിരുവനന്തപുരം: നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷക്ക് ലഭിച്ചിരിക്കുന്നത്. ഈ തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരുടെ മുൻകൈയും ഇടപെടലും ആണെന്നും അദ്ദേഹം പറഞ്ഞു.
'മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു'. മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരത്തിന്‍റെ ഇടപെടലാണ് വധശിക്ഷ നീട്ടിവെക്കുന്നതിൽ നിർണായകമായത്. ഇന്നലെയും ഇന്നും കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബവും മറ്റു പ്രമുഖരും പങ്കെടുത്ത യോഗം യെമനിൽ ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രനും അറിയിച്ചിരുന്നു. പിന്നാലെയാണ് യെമൻ ഭരണകൂടം വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് കാന്തപുരം വ്യക്തമാക്കിയിരുന്നു.
യെമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് വധശിക്ഷ മാറ്റിവെച്ചതായ വിവരം പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.