സന്ദീപ് വാര്യർ

പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് ആർ.എസ്.എസിന്‍റെ അനുമതി വേണം -സന്ദീപ് വാര്യർ

തിരുവനന്തപുരം: മത വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പിണറായി വിജയൻ ആർ.എസ്.എസിന്‍റെ അനുമതി വേണമെന്ന് പരിഹസിച്ച് കെ.പി.സി.സി. വക്താവ് സന്ദീപ് വാര്യർ. രണ്ടുപേർക്കും കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.

സി.പി.എമ്മിനും ആർ.എസ്.എസിനും കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ്. രണ്ടുപേരുടെയും പൊതുശത്രു കോൺഗ്രസാണ്. ജനം ടി.വിയിൽ വന്ന് മുസ്‌ലിംകളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു പി.സി. ജോർജ്. പൊലീസ് സ്വമേധയാ കേസെടുക്കാൻ തയാറായില്ല. ഒടുവിൽ പൊതുപ്രവർത്തകർ പലരും നൽകിയ പരാതിയിൽ കേസെടുക്കേണ്ടിവന്നു. പക്ഷേ, പി.സി. ജോർജിനെ പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമായ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലും പിണറായി വിജയന് ആർ.എസ്.എസിന്‍റെ കാര്യാലയത്തിൽനിന്നുള്ള പെർമിഷൻ വേണമെന്നുള്ള അവസ്ഥയാണ് കേരളത്തിൽ സംജാതമായിട്ടുള്ളത് -സന്ദീപ് വാര്യർ പറഞ്ഞു.

ഈ സംസ്ഥാനത്ത് വൃത്തികെട്ട രീതിയിൽ വർഗീയ പ്രചരണം നടത്തിയ കേസിലെ പ്രതിയായ പി.സി. ജോർജിന് ഹൈകോടതി ജാമ്യം നിഷേധിച്ചിട്ട് പോലും സംസ്ഥാന സർക്കാർ അയാളെ അറസ്റ്റ് ചെയ്യുന്നതിൽ വിമുഖത കാണിക്കുന്നു. ഇതുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ലെന്ന് പറയുന്നത് -സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. 

രണ്ടുതവണയും പൊലീസ്​ നോട്ടീസ് കൈപ്പറ്റാതെ പി.സി. ജോർജ്

ഈരാറ്റുപേട്ട: ചാനൽചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ അറസ്റ്റ്​ വൈകിക്കാൻ പി.സി. ജോർജിന്‍റെ ശ്രമം. സ്​റ്റേഷനിൽ ഹാജരാകണമെന്ന പൊലീസ്​ നോട്ടീസ് പി.സി ജോർജ് കൈപ്പറ്റിയില്ല. ശനിയാഴ്ച രണ്ടുതവണ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നു.

അതിനിടെ, ഹാജരാകാൻ കൂടുതൽസമയം ആവശ്യപ്പെട്ട് പി.സി. ജോർജ് പൊലീസിന് അപേക്ഷ നൽകി. തിങ്കളാഴ്ച ഹാജരാകാമെന്ന്​ കാണിച്ച്​ പാലാ ഡിവൈ.എസ്​.പിക്കാണ്​​ കത്ത്​ നൽകിയത്​.

പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈകോടതി തള്ളിയിരുന്നു. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ജില്ല സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു​.

Tags:    
News Summary - Pinarayi Vijayan needs RSS permission to arrest PC George - Sandeep Varier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.