തിരുവനന്തപുരം: 12 മണിയായെന്ന് കാണിക്കുന്ന ഒരു ടൈംപീസിൻ്റെ ചിത്രം. ഒപ്പം 12 ആകണ്ടേ, 12 ആയാൽ നല്ലത്, 12 ആകണം" എന്ന കുറിപ്പും. രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്.
എന്തായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഇതിലൂടെ ഉദ്ദേശിച്ചത് എന്ന ചർച്ചയിലായി പിന്നീട് ഫേസ് ബുക്കിൽ മലയാളികൾ. മിനുട്ടുകൾക്കുള്ളിൽ ആയിരത്തോളം കമന്റുകളാണ് വന്നത്. 12 മണിക്ക് നിയമസഭയിൽ എന്തോ പ്രഖ്യാപനം വരുന്നുണ്ടെന്ന് വരെ പലരും ഊഹിച്ചു. ഒടുവിൽ, അൽപസമയം കഴിഞ്ഞ് വിഡിയോയും വിശദീകരണ കുറിപ്പും പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
സ്ത്രീകളിലെ അനീമിയ പ്രതിരോധ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനായിരുന്നു ആ പോസ്റ്റന്ന് അതോടെ വ്യക്തമായി.
ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 എങ്കിലും വേണം. ഇല്ലെങ്കിൽ ക്ഷീണം, തളർച്ച ശ്വാസതടസ്സം ,ബോധക്ഷയം, തൊലിയുടെ തിളക്കക്കുറവ്, ക്രമരഹിതമായ ആർത്തവം പോലുള്ള അവസ്ഥകൾ ഉണ്ടാകാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധക്കുറവ്, പരീക്ഷകളിലെ പരാജയം, പ്രസവ സമയത്തെ അമിത രക്തസ്രാവം എന്നിവയിലേക്ക് വരെ ഇത് നയിക്കുമെന്നും വിഡിയോ വിശദീകരിക്കുന്നു.
12 ആക്കുവാനായി ഇരുമ്പടങ്ങിയ ഭക്ഷണവും ഐ.എഫ്.എ ടാബ്ലറ്റുകളും വൈറ്റമിൻ സി അടങ്ങിയ ഭക്ഷണവും കഴിക്കണമെന്നുള്ള വിവരങ്ങളും വിഡിയോയിലുണ്ട്.
"വിളർച്ചയെ അകറ്റി നിർത്താൻ ഹീമോഗ്ലോബിൻ നില നമുക്ക് 12 g/dI ആയി നിലനിർത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു", എന്ന കുറിപ്പും മുഖ്യമന്ത്രി ഇതോടൊപ്പം പങ്കുവെച്ചു.
സമൂഹത്തിന് ഗുണകരമായ സന്ദേശങ്ങൾ പരമാവധി ജനങ്ങളിലെത്തുക, അതേകുറിച്ച് ബോധവത്കരണം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നാടകീയ പോസ്റ്റിട്ടതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.