റോട്ടർഡാം: നെതർലൻഡ്സ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ റോട്ടർ ഡാം തുറമുഖവും വാഗ്നിൻഗെൻ സർവകലാശാലയുടെ പരീക്ഷണകേന്ദ്രവും സന്ദർശിച്ചു. തുറ മുഖം പ്രോഗ്രാം മാനേജർ എഡ്വിൻ വാൻ എസ്പെൻ സ്വീകരിച്ചു. ഉൾനാടൻ ജലഗതാഗതസംവിധാനം, വെള്ളപ്പൊക്ക നിയന്ത്രണം, ജല മാനേജ്മെൻറ്, ചരക്കുനീക്കം തുടങ്ങിയ വിവിധ വിഷയങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കി.
തുറമുഖസംബന്ധ വ്യവസായങ്ങളിലെ പ്രമുഖ ഡച്ച് കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. 460 ദശലക്ഷം ടൺ വാർഷിക ചരക്കുനീക്കമുള്ള റോട്ടർഡാം തുറമുഖം യൂറോപ്പിലെ ഏറ്റവും വലിയതും ലോകത്തെ മുൻനിര തുറമുഖങ്ങളിലൊന്നുമാണ്. വെസ്റ്റ്മാസിലുള്ള വാഗ്നിൻഗെൻ സർവകലാശാലയുടെ കാർഷിക ഗവേഷണ പരീക്ഷണകേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രിയെ റിലേഷൻ മാനേജ്മെൻറ് ആൻഡ് അക്കൗണ്ട് മാനേജ്മെൻറ് സീനിയർ അഡ്വൈസർ മാർക്കോ ഒട്ടെ സ്വീകരിച്ചു.
കേരളവുമായി സഹകരണത്തിന് സാധ്യതയുള്ള മേഖലകളായ സൂക്ഷ്മ കാർഷികരീതി, വിള വൈവിധ്യവത്കരണം, ശീതീകരിച്ച സംഭരണശാല, കടൽനിരപ്പിന് താഴെയുള്ള കൃഷിയും കുട്ടനാട്ടിലെ ഉപ്പുവെള്ളത്തിലെ കൃഷിയും, ഇക്കോ ടൂറിസം എന്നിവ സംബന്ധിച്ച് ചർച്ച നടത്തി. കൃഷി-വനപരിപാലനമേഖലയിൽ ഒന്നാംസ്ഥാനത്തുള്ള വാഗ്നിൻഗെൻ സർവകലാശാല ലൈഫ് സയൻസ്, പ്രകൃതിവിഭവ ഗവേഷണത്തിനാണ് ഊന്നൽനൽകുന്നത്. വെസ്റ്റ്മാസിലുള്ള ആന്തൂറിയം ഗ്രീൻ ഹൗസും മുഖ്യമന്ത്രി സന്ദർശിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.