തിരുവനന്തപുരം: ആരോഗ്യപരമായ രാഷ്ട്രീയമല്ല കേരളത്തിലെ മുഖ്യമന്ത്രി തുടങ്ങിവെച്ചതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പക്വത കാണിക്കേണ്ടിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങൾ പ്രയാസത്തിലാണ്. മൂന്നാം തരംഗം ഉണ്ടാകുമോ എന്ന് ഭയത്തിലാണ് ജനങ്ങൾ കഴിയുന്നത്. മുഖ്യമന്ത്രിയുടെ പരാമർശം അനവസരത്തിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ സജീവമായി നിൽക്കുന്ന സർക്കാറിന്‍റെ അഴിമതികൾ ചർച്ച ചെയ്യാത്തിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പത്തോളം ജില്ലകളിൽ നടന്ന മരംമുറി സംസ്ഥാനം കണ്ട വലിയ അഴിമതിയാണ്. കോടിക്കണക്കിന് രൂപയുടെ വനസമ്പത്ത് കൊള്ളയടിക്കപ്പെട്ടു. ഇതിൽ മുഖ്യമന്ത്രിയുടെയും എൽ.ഡി.എഫ് ഘടകകക്ഷിയുടെയും പങ്ക് വലുതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തനിക്കെതിരെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത നിരവധി ആരോപണങ്ങൾ കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചിരുന്നു. അതിനോട് താൻ എങ്ങനെ പ്രതികരിച്ചെന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയായ ഒരാൾ ഇത്തരത്തിൽ പ്രതികരിച്ച് മുന്നോട്ടു പോകണമോ എന്ന് അദ്ദേഹമാണ് ആലോചിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയൻ പറഞ്ഞതിന് മറുപടി പറയാനുള്ള ബാധ്യത കെ. സുധാകരനുണ്ട്. അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചതു കൊണ്ട് മറുപടി പറയാൻ സുധാകരൻ നിർബന്ധിതനായി. അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.