ചീഫ് ജസ്റ്റിസിന് നേരെ ഇന്ന് ചീറ്റിയത് സംഘ്പരിവാർ നട്ടുവളർത്തിയ വിദ്വേഷ വിഷം -പിണറായി വിജയൻ

തിരുവനന്തപുരം: സംഘ്പരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നതായും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്.

വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ. ആർ.എസ്.എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവുവന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്നുണ്ടായത്.

ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ​ബെഞ്ച് കേസുകൾ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകരിൽ ഒരാർ ഷൂ എറിഞ്ഞത്. മുദ്രാവാക്യം വിളിച്ച് ഇയാൾ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയുകയായിരുന്നു. എന്നാൽ, സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാരെത്തി ഉടൻ തന്നെ ഇയാളെ മാറ്റി. സനാതന ധർമത്തെ ബഹുമാനിക്കാത്തത് ഇന്ത്യ പൊറുക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു അഭിഭാഷക വേഷം ധരിച്ചയാൾ എത്തിയത്.

സുരക്ഷാ ജീവനക്കാർ ഇയാളെ പിടിച്ച് മാറ്റിയതിന് പിന്നാലെ കോടതി നടപടികൾ സാധാരണപോലെ നടന്നു. അടുത്ത അഭിഭാഷകനോട് കേസിൽ വാദം നടത്താൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് ഇതൊന്നും നമ്മളുടെ ശ്രദ്ധ തിരിക്കരുതെന്നും ഉപദേശിച്ചു.

നേരത്തെ ഇന്ത്യൻ നിയമവ്യവസ്ഥയെ നിയന്ത്രിക്കേണ്ടത് ബുൾഡോസറുകളല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞിരുന്നു. നിയമവാഴ്ചയാണ് ഇന്ത്യൻ നീതിന്യായ സംവിധാനത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൗറീഷ്യസിൽ ഇന്ത്യൻ ജനാധിപത്യസംവിധാനത്തിലെ നിയമവാഴ്ചയെ കുറിച്ചുള്ള പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ നിയമവാഴ്ചക്കാണ് പ്രാധാന്യമെന്നും ബുൾഡോസറിനല്ലെന്നുമുള്ള വിധി കൃത്യമായ സന്ദേശമാണ് നൽകുന്നത്. കേസിൽ പ്രതികളാവുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് നിയമവാഴ്ച ഇല്ലാതാക്കുന്നതിനും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

എക്സിക്യൂട്ടീവിന് ജുഡീഷ്യറിയുടെ ചുമതലകൾ നിർവിക്കാൻ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. യു.പി സർക്കാർ ബുൾഡോസർ രാജുമായി വീണ്ടും രംഗത്തെത്തുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

Tags:    
News Summary - pinarayi vijayan against shoe attack on Chief Justice BR Gavai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.