വാളയാർ, പന്തളം സംഭവങ്ങളിൽ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സർക്കാർ -മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാർ, പന്തളം സംഭവങ്ങളിൽ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സർക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ ആരായിരുന്നാലും അവർ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും കുടുംബത്തിനായി കഴിയുന്നത്ര സഹായം ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളിൽ ചിലർ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ്. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ സമൂഹത്തിന്‍റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയർത്തിക്കൊണ്ടു വരുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും.

സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്‍റെ അഭ്യർത്ഥന പ്രകാരം വിളിച്ച ചർച്ചയിൽ ഇരുപത് സംഘടനകളാണ് പങ്കെടുത്തത്.

വാളയാർ, പന്തളം സംഭവങ്ങളിൽ പീഡനം അനുഭവിച്ച കുടുംബത്തോടൊപ്പമാണ് സർക്കാർ. കുറ്റവാളികൾ ആരായിരുന്നാലും അവർ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയും കുടുംബത്തിനായി കഴിയുന്നത്ര സഹായം ലഭ്യമാക്കുകയും ചെയ്യും.

ഭൂരഹിതർക്ക് കൃഷിഭൂമി നൽകുന്നതിനുള്ള പ്രവൃത്തികൾ ഊർജ്ജിതമാക്കും. അതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കും. പട്ടികജാതി-പട്ടികവർഗ മാനേജ്മെന്‍റിൽ കൂടുതൽ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും ഇതിനായി പ്രത്യേകമായ നയത്തിനു രൂപം നൽകുന്നത് ആലോചിക്കാമെന്നും പറഞ്ഞു.

പട്ടികജാതി-പട്ടികവർഗ്ഗ മാനേജ്മെന്‍റുകൾക്ക് നാക് അക്രഡിറ്റേഷൻ ഒഴിവാക്കി ന്യൂജനറേഷൻ കോഴ്സുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ സഭ സ്വാഗതം ചെയ്തു.

ഭൂമി, പാർപ്പിടം, സംവരണം വിദ്യാഭ്യാസം, താത്കാലിക നിയമനങ്ങളിലെ സംവരണ നിഷേധം, അതിക്രമങ്ങൾ തടയൽ തുടങ്ങിയ വിഷയങ്ങളിൽ മറുപടി നൽകി. ഓരോ സംഘടനയും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും വേഗത്തിൽത്തന്നെ നടപടിയുണ്ടാകുമെന്നും യോഗത്തിൽ പറഞ്ഞു.

Tags:    
News Summary - pinarayi vijayan about valayar issue and eco. reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.