തിരുവനന്തപുരം: കടലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേവി, എയർഫോഴ്സ്, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സർക്കാർ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വയമേവ രക്ഷാപ്രവർത്തനത്തിന് ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികളും ജനങ്ങളും സർക്കാരിനെ വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രക്ഷാപ്രവർത്തനം നടത്തുന്ന കപ്പലുകളിൽ കയറാൻ തൊഴിലാളികൾ തയാറാകാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. തങ്ങളുടെ ബോട്ടുകൾ വിട്ട് വരാൻ ഇവർ തയാറല്ല. 200ോളം ബോട്ടുകളാണ് ഇത്തരത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്നത്. ഇ ബോട്ടുകളും കൂടി കരക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭക്ഷണവും വെള്ളവും എത്തിച്ചുതന്നാൽ മതി എന്ന അഭ്യർഥന മാനിച്ച് ഇതിനുവേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും അടക്കം ഏഴ് കപ്പലുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എയർഫോഴ്സിന്‍റെ വിമാനങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ വിമാനങ്ങൾക്ക് പറക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. മർച്ചന്‍റ് നേവി ഷിപ്പുകളോട് തങ്ങളുടെ കപ്പൽ പാതയിൽ കാണുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. രണ്ട് മർച്ചന്‍റ് നേവി ഷിപ്പുകൾ 10 പേരെ രക്ഷിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ 71 പേരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നാളെ രാവിലെ വരെ കടലിലെ പ്രക്ഷുബ്ധാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. കേന്ദ്ര പ്രതിരോധ മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി എയർക്രാഫ്റ്റുകൾ അയച്ചുതരണമെന്ന് മന്ത്രിയോട് അഭ്യർഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.