തിരുവനന്തപുരം: പിണറായി സർക്കാർ അവസാനകാലത്ത് നടത്തിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ഉൾപ്പെടെയുള്ള നിയമന ശിപാർശകൾ പുതിയ സർക്കാർ റദ്ദാക്കാൻ തീരുമാനിച്ചു.
ഈ നിയമന ശിപാർശകൾ ഗവർണറുടെ പരിഗണനയിലാണ്. ഇവ നടപ്പാക്കേണ്ടതില്ലെന്നും നിയമനങ്ങൾ സംബന്ധിച്ച് പുതിയ സർക്കാർ ശിപാർശ സമർപ്പിക്കുമെന്നും ഗവർണറെ അറിയിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിന് പുറമെ തദ്ദേശ ഓംബുഡ്സ്മാൻ, പി.എസ്.സി അംഗങ്ങൾ, വിവരാവകാശ കമീഷണർ തസ്തികകളിൽ നിയമനത്തിനാണ് സർക്കാർ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് ശിപാർശ നൽകിയത്. ഇതുസംബന്ധിച്ച് ഗവർണർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ തടഞ്ഞുവെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷണറായി നിലവിലെ നിയമസെക്രട്ടറിയും ജില്ല ജഡ്ജിയുമായ കെ.ജി. സനൽ കുമാറിനെ നിയമിക്കാനായിരുന്നു ശിപാർശ.
പി.എസ്.സി മെമ്പർ സ്ഥാനത്തേക്ക് സർക്കാർ ശിപാർശ ചെയ്ത കോൺഗ്രസ്-എസ് പ്രതിനിധി ഐ. ശിഹാബുദ്ദീൻ, സി.പി.ഐ പ്രതിനിധി അജയകുമാർ എന്നിവരുടെ നിയമനവും ഗവർണർ അംഗീകരിച്ചിരുന്നില്ല.
വിവരാവകാശ കമീഷണറായി അഡ്വ. ഹരിലാലിനെയും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി റിട്ട. ജസ്റ്റിസ് ബാബു മാത്യു ജോസഫിനെയും നിയമിക്കാനുള്ള തീരുമാനവും ഗവർണർ അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.