അടൂർ പ്രകാശ്

പിണറായി സർക്കാർ പി.ആർ ഏജൻസിയെ വെച്ച് ‘തുടരും’ എന്ന് പറഞ്ഞുനടക്കുന്നു, അതിന്‍റെ അവസാന ബെല്ലാണ് കഴിഞ്ഞ ദിവസത്തെ റിസൽറ്റ് -അടൂർ പ്രകാശ്

ന്യൂഡൽഹി: പി.വി. അൻവറിന്‍റെ മുന്നണി പ്രവേശനത്തിൽ ഇപ്പോൾ തീരുമാനം പറയാനാകില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മുന്നണിയിലെ മറ്റ് കക്ഷികളുമായി ആലോചിച്ച് മാത്രമേ നിലപാട് സ്വീകരിക്കാനാകൂ. ഉപതെരഞ്ഞെടുപ്പിൽ അൻവറിനോട് സഹകരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ അൻവറിന്‍റെ വാശി ആ നീക്കങ്ങളെ പരാജയപ്പെടുത്തി. ശശി തരൂർ പാർട്ടിയെ ധർമസങ്കടത്തിലാക്കിയിട്ടില്ല എന്നതിന്‍റെ തെളിവാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അടൂർ പ്രകാശ് പറഞ്ഞു.

“നിലമ്പൂരിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സൂചനയാണ്. അതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇതിന്‍റെ പ്രതിഫലനം കാണാനാകും. പിണറായി സർക്കാർ ഒരു പി.ആർ ഏജൻസിയെ വെച്ച് ‘തുടരും’ എന്ന് പറഞ്ഞുനടക്കുകയാണ്. അതിന്‍റെ അവസാനത്തെ ബെല്ലാണ് കഴിഞ്ഞ ദിവസത്തെ റിസൽറ്റോടെ വന്നത്.

അൻവറിന്‍റെ മുന്നണി പ്രവേശനത്തെ കുറിച്ച് ഒറ്റക്ക് പറയാനാകില്ല. അൻവറിനെ പരമാവധി ഒപ്പം നിർത്താൻ കൂട്ടായ ശ്രമമുണ്ടായിരുന്നു. മുന്നണിയിലേക്ക് വരണം എന്ന രീതിയിലാണ് അൻവറിനോട് സംസാരിച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ നിലപാടുകൾ മാറിയപ്പോൾ തീരുമാനത്തിൽ വ്യത്യാസം വന്നു. കോൺഗ്രസ് ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല അത്. വിശദമായി ചർച്ച നടത്തിയ ശേഷം മാത്രമേ മുന്നണി പ്രവേശനത്തിന്‍റെ കാര്യത്തിൽ ഇനിയും തീരുമാനം സ്വീകരിക്കാനാകൂ” -അടൂർ പ്രകാശ് പറഞ്ഞു.

അൻവർ ജനപിന്തുണയുള്ള നേതാവാണെന്നും അങ്ങനെയൊരു രാഷ്ട്രീയക്കാരനെ വേണ്ടെന്ന് കോൺഗ്രസ് പറയില്ലെന്നും കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.അൻവർ നയപരമായ സമീപനം സ്വീകരിച്ച് സി.പി.എമ്മിൽനിന്ന് വന്ന ആളാണ്. കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്ന് ആഗ്രഹിച്ചിരുന്നു. വരാമെന്ന് അദ്ദേഹം ഏൽക്കുകയും ചെയ്തതാണ്. ചില സാ​ങ്കേതികമായ പ്രശ്നങ്ങളാൽ അത് നടക്കാതെ പോയി.

കോൺഗ്രസിലേക്ക് വരാൻ അൻവർ തയാറാണെങ്കിൽ പാർട്ടി അക്കാര്യം പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ പറഞ്ഞു. നിലമ്പൂരിലേത് സർക്കാറിനെതിരായ വിധിയെഴുത്താണ്. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് വിജയിക്കില്ല. അവിടെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്‍ലിം ലീഗ് സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പോലും ഇതുപോലെ പ്രവർത്തിച്ചിട്ടുണ്ടാകില്ല. ഷൗക്കത്തിന്റെ വിജയം തങ്ങൾ ആദ്യം മുതലേ പറഞ്ഞതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi government using PR agency to say 'it will continue', Nilambur election result is the final bell for that, says UDF convener Adoor Prakash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.