പി.എം ശ്രീയിലൂടെ ആര്‍.എസ്.എസ് വര്‍ഗീയ വത്കരണത്തിന് പിണറായി സര്‍ക്കാര്‍ ചെമ്പട്ട് പരവതാനി വിരിച്ചു -ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്കരണത്തിന് ആക്കം കൂട്ടാന്‍ ചെമ്പട്ട് പരവതാനി വിരിക്കുന്നവരുടെ പൂര്‍ണരൂപമാണ് എല്‍.ഡി.എഫ് മുന്നണിയെ പോലും ഇരുട്ടത്ത് നിര്‍ത്തി സി.പി.എം പി.എം ശ്രീ ഒപ്പിട്ടതിലൂടെ വ്യക്തമായതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സി.പി.എമ്മിന്റെ ആര്‍.എസ്.എസിനെതിരായ പോരാട്ടം കോഴിക്കോട് കടപ്പുറത്ത് വന്ന് സ്‌റ്റേജ് കെട്ടി പ്രസംഗിക്കലും ഫേസ്ബുക്കില്‍ പോസ്റ്റിടലും മാത്രമാണെന്ന് ഇതിലൂടെ വീണ്ടും തെളിഞ്ഞരിക്കുകയാണ്.

പൊതു വിദ്യാഭ്യാസത്തില്‍ കടന്നു കയറി കുരുന്നുകളില്‍ വിഷം കുത്തിവെക്കാനും ചരിത്രത്തിനും ശാസ്ത്രത്തിനും പകരം കെട്ടുകഥകള്‍ പഠിപ്പിക്കാനുമാണ് കേരളത്തിലും കളമൊരുങ്ങുന്നത്. രാജ്യത്ത് യു.പി കഴിഞ്ഞാല്‍ ആര്‍.എസ്.എസിന് ഏറ്റവുമധികം അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളമെങ്കിലും സാംസ്‌കാരിക അധിനിവേഷം തടഞ്ഞുനിര്‍ത്തിയാണ് പ്രതിരോധിച്ചത്. ലാവലിന്‍ മുതല്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളവരെ നീളുന്ന മാഫിയ സംഘത്തെ കേന്ദ്ര ഭരണകൂടം സംരക്ഷിക്കുന്ന ഡീലിന് മതേതര ജനാധിപത്യ കേരളം വലിയ വിലയാണ് കൊടുക്കേണ്ടിവരിക.

കേരളത്തിന് ന്യായമായും ലഭിക്കാന്‍ അര്‍ഹതയുള്ള സമഗ്ര ശിക്ഷ അഭയാന്‍ പ്രകാരമുള്ള സംഖ്യ ദീര്‍ഘ കാലമായി കുടിശ്ശികയായി കെട്ടി കിടക്കുന്നത് നല്‍കണമെങ്കില്‍ പി.എം ശ്രീയില്‍ ഒപ്പ് വെക്കണമെന്ന ബി.ജെ.പി സർക്കാർ അഹങ്കാരത്തിന് മുമ്പില്‍ നാണംകെട്ട് മുട്ടുമടക്കുകയാണ് കേരള സർക്കാർ ചെയ്തത്. തൊട്ടടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ ധീരമായി കോടതിയെ സമീപിക്കുകയും അവര്‍ക്ക് അര്‍ഹതയുള്ളത് പിടിച്ചു വാങ്ങുകയും ചെയ്തു. നിയമപരമായ പോരാട്ടത്തിന് പോയാല്‍ പോലും തങ്ങളുടെ ഉറ്റ ചങ്ങാതിയായ പ്രധാന മന്ത്രിയുടെയും പ്രത്യേയ ശാസ്ത്ര പരമായ മനോഭാവത്തില്‍ ബി.ജെ.പിയുടെ കൂട്ടാളികളായി മാറുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ ശോചനീയമായ ചിത്രത്തിന്റെ മറ്റൊരു പതിപ്പാണ് ഇവിടെ കാണുന്നത്.

ഒരു ബി.ജെ.പി എം.എല്‍.എ പോലുമില്ലാഞ്ഞിട്ടും ആര്‍.എസ്.എസ് ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറി. അഴിമതിയും വര്‍ഗീയതയും കൈകോര്‍ക്കുമ്പോള്‍ മൈത്രിയുടെ കേരളത്തിന്റെ ഭാവി ആശങ്കാജനകമാവുകയാണ്. ജനം ഇതെല്ലാം മനസ്സിലാക്കുമെന്നു ശരിയായി പ്രതികരിക്കുമെന്നുമാണ് പ്രത്യാശ. പി.എം ശ്രീയിലെയും ദേശീയ വിദ്യഭ്യാസ നയത്തിലെയും ആര്‍.എസ്.എസ് അജണ്ട ലോക്‌സഭയില്‍ നിരവധി തവണ തുറന്നുകാണിച്ചിട്ടുണ്ട്. ഇനിയുമത് ശക്തിയുക്തം തുടരുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Pinarayi government has rolled out a red carpet for RSS communalization through PM Shri - ET Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.