ടൊവിനോയുടെ ചിത്രം: വി.എസ്. സുനിൽകുമാറിനും സി.പി.ഐ ജില്ല സെക്രട്ടറിക്കും നോട്ടീസ്; പോസ്റ്റ് പിൻവലിച്ചതായി വിശദീകരണം

തൃശൂർ: നടൻ ടൊവിനോ തോമസിന്‍റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കാണിച്ച് തൃശൂര്‍ ലോക്‌സഭ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് സി.പി.ഐക്കും സ്ഥാനാർഥി വി.എസ്. സുനിൽകുമാറിനും നോട്ടീസ് നൽകി. വി.എസ്. സുനില്‍കുമാര്‍ തന്‍റെ സമൂഹ മാധ്യമത്തില്‍ ടൊവിനോക്കൊപ്പമുള്ള ഫോട്ടോ നേരത്തേ പങ്കുവെച്ചിരുന്നു.

എന്നാല്‍, താൻ തെരഞ്ഞെടുപ്പ് കമീഷന്റെ ബ്രാൻഡ് അംബാസഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വി.എസ്. സുനില്‍കുമാര്‍ ഫോട്ടോകൾ പിൻവലിച്ചിരുന്നു. ടൊവിനോ ബ്രാൻഡ് അംബാസഡറാണെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സുനില്‍ കുമാറിനെതിരെ എൻ.ഡി.എ പരാതി നല്‍കി. തുടർന്നാണ് വി.എസ്. സുനിൽകുമാറിന്റെയും സി.പി.ഐ ജില്ല സെക്രട്ടറിയുടെയും വിശദീകരണം കേൾക്കാൻ നോട്ടീസയച്ചത്. ടൊവിനോയെ ബ്രാൻഡ് അംബാസഡറാക്കിയ വിവരമറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ സമയത്തുതന്നെ പോസ്റ്റ് പിൻവലിച്ചതായി അറിയിച്ചിരുന്നതായും അവർ പറഞ്ഞു.

ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് രേഖാമൂലം അറിയിച്ചതായി മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള നോഡൽ ഓഫിസർ സബ് കലക്ടർ നോട്ടീസിൽ വ്യക്തമാക്കി. 

Tags:    
News Summary - Photo by Actor Tovino: Notice to VS Sunilkumar and CPI district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.