വീട്ടുതടങ്കലിലേക്ക്​​ മാറ്റണമെന്ന പി.എഫ്.ഐ നേതാവ് ഇ. അബൂബക്കറിന്‍റെ ആവശ്യം കോടതി തള്ളി

--ഡൽഹിയിൽ എട്ട്​ പോപുലർ ഫ്രണ്ട്​ പ്രവർത്തകർക്ക്​ ജാമ്യം

ന്യൂഡല്‍ഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്​ തിഹാർ ജയിലിൽ നിന്നും വീട്ടുതടങ്കലിലേക്ക്​ മാറ്റണമെന്ന പോപുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യ സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിന്‍റെ ആവശ്യം ഡൽഹി ഹൈകോടതി തള്ളി. ആരോഗ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, തല്‍വന്ത് സിങ്​ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല ജാമ്യഹരജിയില്‍ ആരോഗ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേസിന്‍റെ തൽസ്ഥിതി റിപ്പോർട്ട്​ നൽകാനും എൻ.ഐ.ഐക്ക്​ കോടതി നോട്ടീസ്​ നല്‍കി.

എന്തു ചികിത്സയാണ് നല്‍കേണ്ടതെന്നും നിലവിലെ ആരോഗ്യ സാഹചര്യം അടക്കം റിപ്പോര്‍ട്ടിലുണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചു. കുറ്റാരോപിതന്‍ മാത്രമാണ് ഇ. അബൂബക്കര്‍. കേസില്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ചികിത്സ സംബന്ധിച്ചുള്ള അപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഡൽഹിയിൽ അറസ്റ്റിലായ എട്ടു പോപുലർ ഫ്രണ്ട്​ പ്രവർത്തകർക്ക്​ ​ഡൽഹി കോടതി ജാമ്യം അനുവദിച്ചു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന്​ തെളിയിക്കാൻ പൊലീസിനായി​ല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി നടപടി. പോപുലർ ഫ്രണ്ട്​ അനുകൂല മുദ്രാവാക്യം വിളിച്ചെന്നും സംഘടനയുടെ കൊടി ഇവരിൽ നിന്നും കണ്ടെത്തിയെന്നുമാണ്​ പൊലീസ്​ കോടതിയെ അറിയിച്ചത്​.

എന്നാൽ, സെപ്​റ്റംബർ 27നാണ്​ ഇവരെ അറസ്റ്റു ചെയ്​തതെന്നും സെപ്​റ്റംബർ 29നാണ്​ പോപുലർ ഫ്രണ്ടിനെ നിരോധിച്ച്​ വിജ്ഞാപനം ഇറങ്ങിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - PFI leaders petition to transfer to house arrest was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.