കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കാൻ കൂടിയ വിഹിതം ഈടാക്കിയ ശേഷം അത് കൊടുക്കാതിരിക്കുന്നത് നീതിനിഷേധമെന്ന് ഹൈകോടതി. ഉയർന്ന പെൻഷൻ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി കൊച്ചി റിഫൈനറിയിൽനിന്ന് വിരമിച്ച ആർ. പുഷ്പയടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ വാക്കാൽ നിരീക്ഷണം. ഉയർന്ന തുക വാങ്ങിയശേഷം ആനുപാതികമായ പെൻഷൻ നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് നിർദേശവും നൽകി. ഹരജി വീണ്ടും 21ന് പരിഗണിക്കാൻ മാറ്റി.
ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കാൻ ഹരജിക്കാരടക്കമുള്ളവർ 16 ലക്ഷം രൂപ ഇ.പി.എഫ്.ഒയിൽ അടച്ചിരുന്നെങ്കിലും ആനുപാതികമായ പെൻഷൻ നൽകിയില്ലെന്ന് മാത്രമല്ല, ഉയർന്ന പെൻഷൻ അനുവദിക്കാനാവില്ലെന്ന സൂചന നൽകുന്ന കാരണംകാണിക്കൽ നോട്ടീസും നൽകി. തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. ഹരജിക്കാരും തൊഴിലുടമയും ഉയർന്ന പെൻഷന് വേണ്ടി ജോയന്റ് ഓപ്ഷൻ നൽകുകയും ഉയർന്ന വിഹിതം സ്വീകരിക്കുകയും ചെയ്തിട്ട് ആനുപാതിക പെൻഷൻ നിഷേധിക്കുന്നതിന് കാരണം വ്യക്തമാക്കി സത്യവാങ്മൂലം നൽകാനാണ് കോടതിയുടെ നിർദേശം. ഹരജിക്കാർക്ക് ലഭിച്ച നോട്ടീസ് ഹാജരാക്കാനും ഇതിൽ തൽക്കാലം തുടർനടപടി പാടില്ലെന്നും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.