വിരമിക്കൽ പ്രായം നീട്ടാൻ ഹൈകോടതി ജീവനക്കാരുടെ ഹരജി

കൊച്ചി: ഡിസംബർ അവസാനം വിരമിക്കുന്ന രണ്ട് ഹൈകോടതി ജീവനക്കാർക്ക്, പെൻഷൻ പ്രായം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലെ അന്തിമവിധി ബാധകമാക്കി ഹൈകോടതി.

ഹൈകോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന ശിപാർശ സർക്കാറിന്‍റെ പരിഗണനയിലിരിക്കെ ഡിസംബർ 31ന് വിരമിക്കാനിരിക്കുന്ന തങ്ങളെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

വിരമിക്കൽ പ്രായം വർധിപ്പിക്കാൻ ജഡ്ജിമാരടങ്ങുന്ന സമിതി നൽകിയ ശിപാർശ സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്നും താമസിയാതെ തീരുമാനമുണ്ടാകുമെന്നുമുള്ള സർക്കാർ അഭിഭാഷകന്‍റെ ഉറപ്പ് രേഖപ്പെടുത്തിയാണ് ഉത്തരവ്.

ഇന്ത്യയിൽ ആദ്യമായി മോഡൽ ഡിജിറ്റൽ കോടതി സംവിധാനമടക്കം പരിഷ്കാരങ്ങൾ നിലവിൽവരുന്ന സാഹചര്യത്തിലാണ് സമിതി സർക്കാറിന് ശിപാർശ സമർപ്പിച്ചതെന്ന് കോടതി പറഞ്ഞു. കടലാസുരഹിത സംവിധാനം കോടതിയിൽ നടന്നുവരുന്നു. ജനുവരി ഒന്ന് മുതൽ മാറ്റങ്ങൾ നിലവിൽ വരുന്നതായി അറിയിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിലേക്ക് മാറുന്ന ഘട്ടത്തിൽ പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനം ആവശ്യമാണ്. ഇതുകൂടി പരിഗണിച്ചാണ് വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള ശിപാർശ. കോടതിയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്ത് ശിപാർശയിൽ വേഗം തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സർക്കാർ ശരിയായ രീതിയിൽതന്നെ ശിപാർശ പരിഗണിച്ച് താമസിയാതെ തീരുമാനമെടുക്കുമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

തുടർന്ന് ഹരജിക്കാരുടെ വിരമിക്കൽ അവരുടെ ഹരജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

നവംബറിൽ വിരമിക്കാനിരുന്ന രണ്ട് ഹൈകോടതി ജീവനക്കാർ നൽകിയ ഹരജിയിൽ സമാന ഉത്തരവ് മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. ഇവർ വിരമിക്കുകയും ചെയ്തു. ഇക്കാര്യം പുതിയ ഹരജികൾ പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Petition of High Court employees to extend retirement age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.