ഏലക്കയില്‍ കീടനാശിനി സാന്നിധ്യം; ശബരിമലയിൽ അഞ്ചുകോടിയുടെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം: ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈകോടതി വില്‍പന തടഞ്ഞ ആഞ്ചുകോടിയിലധികം വിലവരുന്ന അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു.

ശബരിമല സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന ആറര ലക്ഷത്തിലധികം ടിന്‍ അരവണ ശാസ്ത്രീയമായി പമ്പക്ക് പുറത്തെത്തിച്ച് നശിപ്പിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ശബരിമലയില്‍ തന്നെ നശിപ്പിച്ചാല്‍ ആനകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണിത്.

2018ലെ പ്രളയത്തിൽ അരവണക്കായി സൂക്ഷിച്ചിരുന്ന ശർക്കര നശിച്ചതിനെ തുടർന്ന് നിലക്കലിൽ ബേസ് ക്യാമ്പിന് സമീപത്ത് കുഴിയെടുത്ത് മൂടിയിരുന്നു. എന്നാൽ, പിന്നീട് ആനകൾ ഇവ കുഴിച്ച് ഇവ പുറത്തെടുക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തത് അധികൃതർക്കും ഭക്തർക്കും തലവേദനയായിരുന്നു. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ സംസ്കരണത്തിന് നിർദേശം നൽകിയിരിക്കുന്നത്.

250 മി.ലിറ്ററിന്റെ 6,65,127 ടിന്നുകളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. അരവണ കാലാവധി കഴിഞ്ഞതായതിനാലും ഭക്ഷ്യയോഗ്യമല്ലാത്തതിനാലും ഒരുതരത്തിലും ആളുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിന്​ മുറിവേല്‍പിക്കാത്ത രീതിയില്‍ നശിപ്പിക്കണമെന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം നടപടികള്‍.

21ന്​ വൈകീട്ട് വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണം. അരവണക്കായി ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷ നിലവാര അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈകോടതി തടഞ്ഞത്.

ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഏലക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്.എസ്.എസ്.എ.ഐ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Pesticide presence in cardamom- Tender invited for destruction of 5 crore aravana at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.