അടിമാലി: ഹൈകോടതി വിലക്കേർപ്പെടുത്തിയ ശാന്തൻപാറയിലെ സി.പി.എം ഓഫിസ് നിർമാണത്തിന് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചു. കഴിഞ്ഞ ആഗസ്റ്റ് 22നാണ് റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് ശാന്തൻപാറയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമാണം നടത്തുന്ന വിവരം അതിജീവന പോരാട്ടവേദിയുടെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചത്. തുടർന്ന് നിർമാണം നിർത്തിവെക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ, അന്ന് രാത്രിതന്നെ വീണ്ടും നിർമാണപ്രവർത്തനം നടത്തിയത് മാധ്യമങ്ങളിൽ വാർത്തയാവുകയും കോടതി ഇടപെടുകയും ചെയ്തു. അമികസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമാണ പ്രവർത്തനം പാടില്ലെന്നും വീണ്ടും നിർമാണം നടത്തിയാൽ ഭൂമിയുടെ ഉടമക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്‍റെ ഉടമസ്ഥതയിലാണ് ഓഫിസ് സ്ഥിതിചെയ്യുന്ന എട്ട് സെൻറ് ഭൂമി.
നിർമാണാനുമതി വേണമെന്നാവശ്യപ്പെട്ട് സി.പി.എം രണ്ടുമാസം മുമ്പ് വീണ്ടും ഹൈകോടതിയെ സമീപിച്ചു. പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാൻ കോടതി ഇടുക്കി കലക്ടർക്ക് നിർദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ സി.പി.എം കലക്ടർക്ക് എൻ.ഒ.സിക്ക് അപേക്ഷ നൽകുകയായിരുന്നു. എന്നാൽ, ഭൂപതിവ് നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി കലക്ടർ അനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.