കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസില്‍ രണ്ട് പ്രതികളെ കർണാടക പൊലീസ് കൊച്ചിയിൽനിന്ന് പിടികൂടി. ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരെയാണ് ബാനസ്വാടി എ.സി.പി ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ അപ്പാർട്മെന്റിൽനിന്ന് അറസ്റ്റ് ചെയ്തത്.
ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. മറ്റൊരു പ്രതി പ്രവീണ്‍ കാനാടി ഇപ്പോഴും ഒളിവിലാണ്.
പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകന്‍ ടി.എ. അരുണിനുമെതിരെ ഉന്നയിച്ച പീഡനപരാതിക്ക് പിന്നില്‍ ഹണി ട്രാപ്പാണെന്ന് നേരത്തേ കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ സ്ത്രീകളടക്കം അഞ്ചുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഹണിട്രാപ്പില്‍ കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നെന്ന് ബാനസ്വാടി പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് പ്രവീണിനെ ഒന്നാംപ്രതിയാക്കി ബംഗളൂരു പൊലീസ് കേസെടുത്തത്.
കേസില്‍നിന്ന് ഒഴിവാക്കാന്‍ ബെലന്തൂര്‍ പൊലീസ് രണ്ടുകോടി രൂപ ആവശ്യപ്പെട്ടതോടെ തന്ത്രിയുടെ കുടുംബം കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരക്ക് പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.