പോരാളി സംഗമം സംഘടിപ്പിക്കുമെന്ന് കെ.റെയിൽ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം : കേരളത്തിൽ സിൽവർ ലൈൻ കടന്നുപോകുന്ന 11ജില്ലകളിലെ മൂന്നറോളം സമര കേന്ദ്രങ്ങളിൽ നിന്നുള്ള സമര പ്രവർത്തകർ പങ്കെടുക്കുന്ന പോരാളി സംഗമം ഏപ്രിൽ 20 ന് മാടപ്പള്ളിയിൽ സംഘടിപ്പിക്കുമെന്ന് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി.

കേന്ദ്ര സക്കാർ അനുമതിയില്ലാതെ നടത്തിയ സിൽവർ ലൈൻ സർവേയേയും അതിരടയാള മഞ്ഞക്കുറ്റി സ്ഥാപിക്കലിനേയും ചെറുത്തതിന്റെ പേരിൽ റോസിലിൻ ഫിലിപ്പ്, സിന്ധു ജയിംസ് തുടങ്ങിയ നൂറു കണക്കിന് പ്രവർത്തകരെ പൊലിസ് നിഷ്ഠൂരമായി തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചും, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മാടപ്പള്ളിയിൽ തുടങ്ങിയ സിൽവർ വിരുദ്ധ സമര കേന്ദ്രത്തിന്റെ രണ്ടാം വാർഷികം ആചരിക്കുകയാണ്.

പരിപാടി മാടപ്പള്ളിയിൽ 20 ന് രാവിലെ 10 ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച പരിപാടികളിൽ സംസ്ഥാന നേതാക്കളും പരിസ്ഥിതി പ്രവർത്തകരായ ശ്രീധർ രാധാകൃഷ്ണർ, സി.ആർ നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, ജോസഫ് സി. മാത്യൂ എന്നിവരും പങ്കെടുക്കും.വാർഷികാചരണ പരിപാടിയുടെ അനുബന്ധമായി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി സംസ്ഥാനത്തെ വിവിധ സ്ഥിരം സമര കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ 18 മുതൽ 24 വരെ സിൽവർ ലൈൻ വിരുദ്ധ സമര പരിപാടികൾ നടത്തും. വടകര അഴിയൂർ മേഖല കമ്മിറ്റി ഇതോടനുബന്ധിച്ചു വനിതാ സംഗമ സദസും സംഘടിപ്പിക്കുമെന്ന് സമിതി ജനറൽ കൺവീനർ എസ്. രാജീവൻ അറിയിച്ചു.

ഹരിത ട്രിബൂണലിന്റെ ചെന്നൈ ബഞ്ചിന് കെ. റെയിൽ അധികൃതർ നല്കിയ ഉറപ്പിനെ തുടർന്ന് ഈ ക്വി എം. എസ് എന്ന പഠന ഏജൻസി നടത്തിയ പാരിസ്ഥിക ആഘാത പഠന റിപ്പോർട്ട് സർക്കാർ അടിയന്തിരമായി പരസ്യപ്പെടുത്തണെന്ന് സമിതി ആവശ്യപ്പെട്ടു. കേരളത്തിന്റെ പാരിസ്ഥിതിക വ്യൂഹത്തിന് സിൽവർ ലൈൻ പദ്ധതി ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ഈ റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഉപേക്ഷിക്കണം, സംസ്ഥാന സർക്കാർ 2020-ൽ സമർപ്പിച്ചിട്ടുള്ള അപൂർണവും അപ്രായോഗികവുമായ സിൽവർ ലൈൻ വിശദ പഠനരേഖ കേന്ദ്ര സർക്കാർ തള്ളിക്കളയണം, സമര പ്രവർത്തകരുടെ പേരിലുള്ള കള്ളക്കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ അഴിയൂർ (വടകര) കാട്ടിലപീടിക (കോഴിക്കോട്) മാടപ്പള്ളി (കോട്ടയം) എന്നീ സമര കേന്ദ്രങ്ങളിലെ അനിശ്‌ചിതകാല സമര പരിപാടികൾ തുടരാനും സമിതി തീരുമാനിച്ചു. സിൽവർ ലൈൻ വരുദ്ധ സമര സമതിയുടെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തുൾപ്പടെ നശിപ്പിക്കുന്ന നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും സമിതി അറിയിച്ചു.

Tags:    
News Summary - People's Committee against K.Rail will organize a meeting of fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.