കേന്ദ്ര സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോഴിക്കോട് വിമാനത്താവളത്തിന് മുന്നിൽ മുസ്‍ലിംലീഗ് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി (മലപ്പുറം): സ്വന്തം രാഷ്ട്രത്തില്‍നിന്ന് തന്നെയുള്ള ഭരണകൂട ഭീകരതക്കെതിരെ വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് ജനത നീങ്ങുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ജനപക്ഷത്തുനിന്ന് നേരിടാന്‍ മുസ്‍ലിം ലീഗ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
തുറക്കലില്‍നിന്ന് ആരംഭിച്ച പ്രതിരോധ പ്രതിഷേധ മാര്‍ച്ച് വിമാനത്താവള പരിസരത്ത് ന്യൂ മാന്‍ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പൊതുയോഗമാണ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലും കേന്ദ്ര സര്‍ക്കാറിന്റെ ഭരണകൂട വേട്ടയിലും ജനാധിപത്യ കശാപ്പിലും പ്രതിഷേധിച്ചായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത്.
മുസ്‍ലിംലീഗ് ജില്ല ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികള്‍, സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക സംഘടനകളുടെ ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന ഉപാധ്യക്ഷന്‍ ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.കെ. അബ്ദുറബ്ബ്, എം.സി. മായിന്‍ ഹാജി, അഡ്വ. റഹ്മത്തുല്ല, അബ്ദുറഹ്മാന്‍ രണ്ടത്താണി, യു.സി. രാമന്‍, പി.കെ. ഫിറോസ്, പി.വി. നവാസ്, സുഹ്‌റ മമ്പാട്, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, എം.എ. റസാഖ് മാസ്റ്റര്‍, വി.എ. മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.