കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശക്കേസിൽ രണ്ടാഴ്ച റിമാൻഡിലായ ബി.ജെ.പി നേതാവ് പി.സി. ജോർജ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി ചാനൽ മൈക്ക് തട്ടിയെറിഞ്ഞു. കോടതിയിൽ നിന്ന് പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
പൊലീസ് കാവലിൽ പുറത്തേക്ക് നടന്നുവന്ന പി.സി. ജോർജിനെ കാത്ത് മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ജോർജിന്‍റെ പ്രതികരണം തേടി മൈക്ക് നീട്ടിയ മാതൃഭൂമി ചാനലിന്‍റെ മൈക്ക് ജോർജ് തട്ടിയെറിയുകയായിരുന്നു. പരാമർശത്തിൽ കുറ്റബോധമുണ്ടോയെന്ന ചോദ്യത്തിന് 'ഞാൻ വന്നിട്ട് പറയാമെടാ' എന്നാണ് മറുപടി നൽകിയത്.
കീഴടങ്ങിയ ജോർജിന്‍റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാർച്ച് 10 വരെ റിമാൻഡിൽ വിട്ടത്. ഇന്ന് വൈകീട്ട് ആറുമണിവരെ ജോർജ് പൊലീസ് കസ്റ്റഡിയിലാണ്. പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ഇന്ന് രാവിലെ 11നാണ് പൊലീസിനെ നോക്കുകുത്തിയാക്കി ജോർജ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് 12.15ന് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടു. ജോർജിനെ കസ്റ്റഡിയിൽ വിടേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് ജോർജെന്നും കോടതിയലക്ഷ്യമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.