കോട്ടയം: വിവാദങ്ങൾക്കിടെ പാലാ രൂപതയിലെത്തി ബിഷപ്പിനെ കണ്ട് എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്. രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപിക മുഖപ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് ഫാരിസ് അബൂബക്കറിന്‍റെ പത്രമാണെന്നും അവന്‍റെ വാപ്പായെ പറ്റിയാണ് എഴുതിയതെന്നുമായിരുന്നു പ്രതികരണം. താൻ സഭക്കെതിരല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിനോടാണ് തനിക്ക് പ്രശ്നം. അദ്ദേഹമാണ് മഠങ്ങളിലൊക്കെ വിളിച്ച് ഇത്തവണ യു.ഡി.എഫിന് വോട്ടു ചെയ്യണമന്ന് നിർദേശം നൽകിയത്. നിഷ്പക്ഷമായി നിൽക്കേണ്ട ബിഷപ്പും സഭാ നേതൃത്വവും യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചു. അതാണ് തന്നെ വേദനിപ്പിച്ചതെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
മാർ പള്ളിക്കാപറമ്പിൽ തിരുമേനിക്ക് നൂറു വയസ്സ് തികഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് ആശംസ അർപ്പിക്കാനാണ് വന്നത്. സഭക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. ഒരു ബിഷപ്പിനെതിരെയാണ് താൻ സംസാരിച്ചത്. ബിഷപ്പുമാർ തെറ്റ് കാണിച്ചാൽ തെറ്റാണെന്ന് പറയുന്ന പാരമ്പര്യമാണ് തനിക്കുള്ളത്. അതാണ് ചെയ്തത്. രാഷ്ട്രീയം പറയാൻ വന്നതല്ല, രാഷ്ട്രീയം കളിച്ചാൽ ഇനിയും പറയുമെന്നും ജോർജ് പ്രതികരിച്ചു.
സംസാരിക്കുന്ന ശൈലി മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം പി.സി. ജോർജ് തള്ളി. ശൈലി മാറ്റാൻ സൗകര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിമർശിച്ചവരെ ഇത്തിൾക്കണ്ണികൾ എന്നും വിളിച്ചു. ബിഷപ്പിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോടും ജോർജ് രോഷാകുലനായാണ് പ്രതികരിച്ചത്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജോർജ് ഇന്നലെ സംസാരിച്ചത്.
‘‘മര്യാദയാണോ കാണിച്ചത്. അതുപറയാൻ അയാൾക്കെന്താണ് അവകാശം?. പൂഞ്ഞാറിലെ സ്ഥാനാർഥികളിൽ സഭക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അതു ഞാനാണ്. എന്ത് കിട്ടിയിട്ടാണു നാണംകെട്ടവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്?. സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ’’-രോഷാകുലനായി ജോർജ് പറഞ്ഞു.
‘‘എഫ്.സി.ആർ.എ ബിൽ വരും. വിദേശത്തുനിന്ന് പണം വാങ്ങുന്നതിന്റെ കണക്ക് നൽകിയാൽ എന്താണ് കുഴപ്പം?. എന്നിട്ടും കത്തോലിക്ക സഭയല്ലേ, ക്രിസ്ത്യാനിയല്ലേ എന്നു വിചാരിച്ച് എന്തു കണക്ക് തന്നാലും അപ്രൂവ് ചെയ്യാമെന്ന് അമിത് ഷാ അവരോടു പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് ഇവന്മാർ കുരയ്ക്കുന്നത്?. ദീപിക പത്രം വായിക്കുന്നവനു വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവർ പറയുന്നത് മുഴുവൻ കേട്ടുനിൽക്കാനാവില്ല. മെത്രാന്മാർ ഊളത്തരം കൊണ്ടുനടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവർക്ക് ജനം വോട്ട് ചെയ്തിരുന്നത്. ഇപ്പോൾ അതിന് ആരെയും കിട്ടില്ല’’-ജോർജ് തുടർന്നു. പൂഞ്ഞാറിൽ 20,000 വോട്ടിനു ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിന്നാലെ ജോർജിനും മകൻ ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി ദീപിക മുഖപത്രം എഴുതിയിരുന്നു. എഫ്.സി.ആർ.എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് പറയുമെന്നും ഇനിയും പറയേണ്ടിവരുമെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.