വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസുകളിൽ പി.സി. ജോർജ് അറസ്റ്റിൽ; ഫോർട്ട് പൊലീസിന് കൈമാറി

കൊച്ചി: വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ തിരുവനന്തപുരം കേസിലും മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചി പൊലീസ് ജോർജിനെ വിഴിഞ്ഞം ഫോർട്ട് പൊലീസിന് കൈമാറി.

വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോർജുമായി പൊലീസ് സംഘം ഉടൻ തിരുവനന്തപുരത്തേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് എറണാകുളം എ.ആർ ക്യാമ്പിലേക്ക് മാറ്റി.

പാലാരിവട്ടത്തെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്. വെണ്ണല കേസിൽ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കൊച്ചി പൊലീസ് ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ കോടതി ജാമ്യം റദ്ദാക്കിയിരുന്നു.

പത്തു ദിവസത്തിനുള്ളിലാണ് പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു.

കോടതി നല്‍കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് തിരുവനന്തപുരം കേസിലും ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. ജോർജ് എത്തുമെന്നറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി പി.ഡി.പി പ്രവർത്തകരും ജോർജിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകരും എത്തിയിരുന്നു.

പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് സ്റ്റേഷനിലെത്തിയത്. 

Tags:    
News Summary - PC George appeared at Palarivattom police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.