പി.സി. ചാക്കോ
കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ പി.സി. ചാക്കോ തോൽക്കുമായിരുന്നുവെന്ന് ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു. സംസ്ഥാന സമിതിയിൽ അംഗമല്ലാത്ത നിരവധിപേരെ ഹാളിൽ കയറ്റി കൈപൊക്കിച്ച് പ്രസിഡന്റിനെ പ്രഖ്യാപിക്കുകയായിരുന്നു. റിട്ടേണിങ് ഓഫിസർ പി.സി. തോമസ് അട്ടിമറിക്ക് കൂട്ടുനിന്നു. വോട്ടെടുപ്പ് നടത്താതെയാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മുഹമ്മദ് കുട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥിയാണെന്ന് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിക്കുകയും ഉച്ചക്ക് 2.30ന് ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, ഹാളിൽ ഉണ്ടായിരുന്ന പ്രതിനിധികൾ അല്ലാത്തവരുടെ സഹായത്തോടെ ബഹളമുണ്ടാക്കി ചാക്കോയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.
പാർട്ടി പ്രസിഡന്റ് ഉൾപ്പെടുന്ന അഴിമതികൾ പുറത്തു വരാതിരിക്കാനാണ് ചാക്കോയും കൂട്ടരും ശ്രമിക്കുന്നത്. പി.എസ്.സി മെംബറെ നിയമിച്ചതിൽ വൻ അഴിമതിയാണ് നടന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട അഴിമതികൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും വാർത്തസമ്മേളനത്തിൽ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. പ്രഫുൽ പട്ടേലിനെക്കൊണ്ട് പറയിച്ചാണ് തോമസ് കെ. തോമസ് എം.എൽ.എയെ മത്സരരംഗത്തുനിന്ന് പിന്മാറ്റിച്ചത്. എന്നാൽ, പാർട്ടിയിൽ ജനാധിപത്യം നിലനിൽക്കാനാണ് താൻ പ്രസിഡന്റായി മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.