സ്പെഷലിസ്​റ്റ്​ അധ്യാപകരുടെ വേതനം വെട്ടിക്കുറച്ചു; 14,000 രൂപയായിരുന്നത്​ ഇനിമുതൽ 7000

കോഴിക്കോട്: സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൽ 14,000 രൂപ വേതനം ലഭിച്ചിരുന്ന സ്​പെഷലിസ്​റ്റ്​ അധ്യാപകരുടെ വേതനം 7000 രൂപയാക്കി വെട്ടിക്കുറച്ചു. സംസ്ഥാനത്തെ കരാറടിസ്ഥാനത്തിലുള്ള 2500 ലധികം സ്പെഷലിസ്​റ്റ്​ അധ്യാപകരാണ് മൂന്നു മാസമായി കുറഞ്ഞ വേതനത്തിൽ ജോലിയിൽ തുടരുന്നത്. ഏപ്രിൽ മാസമാണ് അധ്യാപകരുടെ വേതനം കുറച്ചത്. കേന്ദ്രാവിഷ്കൃതമായ എസ്.എസ്.കെ പദ്ധതിയിൽ ഓരോ വർഷവും 12 മാസത്തേക്കാണ് അധ്യാപകർക്ക് ഫണ്ട് അനുവദിക്കുന്നത്.


60:40 അനുപാതത്തിലാണ് എസ്.എസ്.കെ പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഫണ്ട് വിഹിതം. കേരളത്തിൽ ഓരോ വർഷവും മാർച്ച് 31ന് പിരിച്ചുവിട്ട് ആഗസ്​റ്റിലോ സെപ്റ്റംബറിലോ പുനർനിയമനം നൽകുന്ന രീതിയായിരുന്നു പതിവ്. സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ഇതാദ്യമായി ഈ വർഷം ഏപ്രിൽ മൂന്നിന് അധ്യാപകർക്ക് പുനർനിയമനം നൽകിയിരുന്നു. ഏപ്രിൽ ആറിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതി​‍െൻറ മുന്നോടിയായാണ് ചുവപ്പുനാട മറികടന്ന് അതിവേഗം നിയമനം നടത്തിയതത്രെ.


കേന്ദ്ര ഫണ്ട് കുറച്ചതിനാലാണ് വേതനം 7000 രൂപയായതെന്നാണ് അധികൃതരുടെ വിശദീകരണം. 2016 മുതൽ രണ്ടു വർഷക്കാലം 28,500 രൂപ പ്രതിമാസ വേതനം ലഭിച്ചിരുന്നു. പിന്നീട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 7000 രൂപയായി കുറച്ചു. സംസ്ഥാന സർക്കാർ 7000 രൂപ കൂട്ടി 14,000 രൂപ വേതനം ലഭിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷം കേന്ദ്ര വിഹിതം 10,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാന സർക്കാർ 10,000 രൂപ കൂടി അനുവദിച്ചാൽ 20,000 രൂപ വേതനം ലഭിക്കും. എന്നാൽ, സംസ്ഥാന സർക്കാർ മൂന്നു മാസമായി കനിയാത്തതാണ് അധ്യാപകരുടെ ദുർഗതിക്ക് കാരണം.


വേതനം കുറച്ചതിനെതിരെ ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തിയ അധ്യാപകർക്കെതിരെ സി.പി.എം നിയന്ത്രിത അധ്യാപക സംഘടന ഭീഷണിയുയർത്തിയതായി പരാതിയുണ്ട്. പ്രതിഷേധം ശക്തമായതോടെ വേതന വർധനക്കായി സർക്കാർ തലത്തിൽ നീക്കം തുടങ്ങിയിട്ടുണ്ട്. കലാ കായിക പ്രവൃത്തി പരിചയ മേഖലയിൽ പരിശീലനം നൽകുന്ന സ്​പെഷലിസ്​റ്റ്​ അധ്യാപകരെ സമഗ്ര ശിക്ഷ പദ്ധതിയിലെ ഇതര പരിപാടികൾക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.