മരിച്ച കൃഷ്ണമ്മ
കോട്ടയം: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ മരിച്ചത്.
കഴിഞ്ഞ മാസമാണ് കൃഷ്ണമ്മക്ക് നായുടെ കടിയേറ്റത്. ഓണത്തിന് പലഹാരങ്ങളുമായി കൊച്ചുമക്കളെ കാണാൻ പോകവെ വീട്ടിന് പുറത്ത് റോഡിലെത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
കൃഷ്ണമ്മയുടെ മുഖത്താണ് നായുടെ കടിയേറ്റത്. ഇതേതുടർന്ന് കൃഷ്ണമ്മ വാക്സിൻ എടുത്തിരുന്നു. അവസാന ഡോസ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണമ്മക്ക് പനിയുണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്റ്റേറ്റ് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ കൃഷ്ണമ്മക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്സിൻ സ്വീകരിച്ച സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് Rabies അല്ലെങ്കിൽ പേവിഷബാധ. രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരിലൂടെയാണ് രോഗാണുക്കൾ എത്തുന്നത്. പട്ടി, പൂച്ച വാവൽ, കുറുക്കൻ എന്നിവയൊക്കെ രോഗകാരികളാണ്. ശരീരതളർച്ചയും മരണവും ഈ രോഗഹേതുവാണ്. പനി, തലവേദന, ഛർദി സംഭ്രമം എന്നീ ലക്ഷണങ്ങളോടെ രോഗിക്ക് അമിതദാഹവും ഉണ്ടാവും.
സംശയമുള്ള സാഹചര്യത്തിൽ പ്രതിരോധകുത്തിവെപ്പാണ് അഭികാമ്യം. വിഷമേറ്റില്ലെങ്കിലും വാക്സിൻ എടുക്കുന്നത് ദോഷകരമാവില്ല. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ടായാൽ വിവരം അധികൃതരെ പെട്ടെന്നുതന്നെ അറിയിക്കണം.
1. പേവിഷബാധക്ക് തക്കസമയത്ത് ചികിത്സ ലഭിക്കാതെ വർഷംതോറും മരിക്കുന്നത് ആയിരങ്ങളാണ്.
2. ഇന്ത്യയിൽ ‘പേ’ പരത്തുന്നത് പ്രധാനമായും കുറുനരിയും ചെന്നായയുമാണ്. കാട്ടിൽനിന്ന് നാട്ടിലെത്തുന്ന പേപിടിച്ച ഇവ തെരുവ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും പേ പടർത്തുന്നു.
3. പേ മനുഷ്യനിൽ നാലുഘട്ടങ്ങളിലായി രൂപപ്പെടുന്നു. ഒന്നാംഘട്ടം എന്ന പ്രോഡ്രോമൽ സ്റ്റേജ് പട്ടി കടിച്ചുകഴിഞ്ഞ് ആദ്യ നാലു ദിവസങ്ങളാണ്. ഈ ഘട്ടത്തിൽ വിശപ്പില്ലായ്മ. തളർച്ച, നേരിയപനി, തലവേദന, അലസത, ഞരമ്പു വേദന, കടിച്ചഭാഗത്ത് മരവിപ്പ് എന്നിവ ഉണ്ടാവാം. ആകാംക്ഷ, പേടി, ഉറക്കമില്ലായ്മ എന്നിവയും വരാം. ‘അക്യൂട്ട് ന്യൂറോളജിക്കൽ ഫേസ്’ എന്ന രണ്ടാംഘട്ടത്തിൽ രോഗിക്ക് വെള്ളം കാണുമ്പോഴും അതിന്റെ ശബ്ദം കേൾക്കുമ്പോഴും, വെപ്രാളം, ഉത്കണ്ഠ, ദേഷ്യം എന്നീ വികാരങ്ങൾ ഉണ്ടാവുന്നു. ഈ ഘട്ടം മൂന്നു മുതൽ ആറു ദിവസങ്ങൾ വരെയാണ്. മൂന്നാംഘട്ടത്തിൽ രോഗി അബോധാവസ്ഥയിലേക്ക് നീങ്ങും. ഇത് മണിക്കൂറുകളോ, മാസങ്ങളോ ആയി പരിണമിക്കാം നാലാം ഘട്ടത്തിൽ രോഗിക്ക് മരണം സംഭവിക്കുന്നു.
4. പേവിഷബാധയുടെ ഇൻകുബേഷൻ സമയം മനുഷ്യരിൽ പത്തുദിവസം മുതൽ മൂന്നുവർഷം വരെയും, പട്ടികളിൽ പത്തുദിവസം മുതൽ ഒരു വർഷം വരെയുമാണ്. കുഞ്ഞുങ്ങളിൽ ഇൻകുബേഷൻ സമയം കുറവാണ്.
5. പേപ്പട്ടി കടിച്ച ഭാഗത്തുള്ള പേശികളിലും നാഡികളിലും രോഗാണു വളർന്നു പെരുകി തലച്ചോറിലെ അമ്മോൺഹോൺ ഓഫ് ഹിപ്പോകാമ്പസ് എന്ന ഭാഗത്ത് എത്തുകയും അവിടെനിന്ന് ശരീരത്തിന്റെ എല്ലാഭാഗത്തേക്കും എത്തുന്നു. റാബീസ് വൈറസിന്റെ നാഡിയിലൂടെയുള്ള വേഗത ഒരു മണിക്കൂറിൽ മൂന്നു മില്ലിമീറ്ററാണ്. രോഗിയുടെ ഉമിനീർ, മൂത്രം, പാൽ എന്നിവയിലൂടെ വൈറസുകൾ വെളിയിൽ വരുന്നു. വൃക്കകൾ, പാൻക്രിയാസ്, കണ്ണിലെ കോർണിയ എന്നിവയിലും രോഗാണുക്കൾ ബാധിക്കുന്നു.
6. പട്ടി കടിച്ച ഭാഗത്ത് ആദ്യം രോഗാണുക്കളെ നശിപ്പിക്കാനായി സോപ്പും വെള്ളവും കൊണ്ട് മുറിവ് നന്നായി കഴുകണം. സ്പിരിറ്റോ അയഡിനോ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം, റാബീസ് ആന്റിബോഡി മുറിവിൽ പുരട്ടുകയും മുറിവ് ഡ്രെസ് ചെയ്യാതെ തുറന്നിടുകയും വേണം. ടെറ്റനസ് ഇഞ്ചക്ഷൻ, ആന്റിബയോട്ടിക് മരുന്ന്, ടിഷ്യുകൾചർ വാക്സിൻ കുത്തിവെപ്പുകൾ (അഞ്ചെണ്ണം) 1, 3, 7, 28, 90 എന്നീ ദിവസങ്ങളിൽ പേശികളിൽ കുത്തിെവക്കുകയും വേണം.
7. കടിച്ച മൃഗത്തെ 10 ദിവസത്തേക്ക് നിരീക്ഷിക്കണം. അത് ആരോഗ്യവാനാണെങ്കിൽ ഭയപ്പെടേണ്ട. പട്ടിയിൽ രോഗലക്ഷണങ്ങൾ ഈ കാലാവധിയിൽ പ്രകടമായില്ലെങ്കിൽ രോഗിക്ക് റാബീസ് ഇമ്യൂണോഗ്ലോബുലിനും ടിഷ്യുകൾചർ വാക്സിനും കൊടുക്കണം. കടിച്ച മൃഗത്തെ രോഗനിർണയ പരിശോധനകൾക്കും വിധേയമാക്കണം.
8. കടിച്ച മൃഗത്തിന് കടിച്ച സമയത്ത് പേ ആയിരിക്കുകയോ, സംശയിക്കുകയോ ചെയ്യാൽ രോഗിക്ക് റാബീസ് ഇമ്യൂണോഗ്ലോബുലിനോ ആന്റിറാബീസ് സിറമോ, ടിഷ്യുകൾചർ വാക്സിനോ കുത്തിെവക്കണം
9. കടിച്ച മൃഗത്തെപ്പറ്റി ഒന്നും അറിയില്ലെങ്കിലോ മൃഗം രക്ഷപ്പെടുകയോ ചെയ്യാൽ പബ്ലിക് ഹെൽത്ത് ഓഫിസറുടെ നിർദേശം സ്വീകരിക്കുക. കാട്ടുമൃഗങ്ങളോ വവ്വാലുകളോ ആണ് കടിച്ചതെങ്കിൽ റാബീസ് ആന്റിബോഡിയും ടിഷ്യുകൾചർ വാക്സിനും കുത്തിെവക്കണം.
റാബീസ് പ്രതിരോധശക്തി ഇല്ലാത്ത ആളുകൾ മുൻകരുതൽ ചികിത്സ എടുക്കേണ്ടതാണ്. മൃഗ സൂക്ഷിപ്പുകാരും ആനിമൽ ഹൗസുകളിൽ ജോലി ചെയ്യുന്നവരും ഒരു മുൻകരുതലെന്ന നിലക്ക് ഈ ചികിത്സ സ്വീകരിക്കണം. രോഗം വരാതിരിക്കാൻ ശരീരത്തിൽ റാബീസ് രോഗാണുക്കളുടെ ആന്റിബോഡി ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് കർശനമായി വാക്സിനേഷൻ എടുക്കണം. തെരുവുനായ് ശല്യം കുറക്കാൻ നടപടിയെടുക്കണം. ലോകാരോഗ്യ സംഘടനയുടെ ശിപാർശ അനുസരിച്ച് കടിച്ച മൃഗത്തെയും കടികൊണ്ട ആളെയും ചികിത്സിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.