പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, അംഗങ്ങളും നേതാക്കളും മദ്യപിക്കരുത് -എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്.

ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിലേക്കാണ് നമ്മൾ എത്തേണ്ടത്. ലഹരിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സഖാക്കൾക്ക് അവബോധം ഉണ്ടാകണമെന്നാണ് പാർട്ടി നിലപാട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. “പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും” -ഗോവിന്ദൻ പറഞ്ഞു.

കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതായി അദ്ദേഹം പറ‌ഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പെടെ ഇടപെടൽ നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - Party supporters can consume alcohol, says CPM state secretary MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.