പാർട്ടി സഞ്ചരിക്കുന്ന കോടതിയാകണം -എം.വി. ഗോവിന്ദൻ

ചൂരൽ (കണ്ണൂർ): സി.പി.എമ്മിന്റെ ഓഫിസുകൾ പാർട്ടി യോഗം ചേരാനുള്ളതല്ലെന്നും പാർട്ടി സഞ്ചരിക്കുന്ന കോടതിയാകണ​മെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം വാണിയംചാൽ ബ്രാഞ്ച് ഓഫിസായ കോടിയേരി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ജില്ലാ, ഏരിയ, ലോക്കൽ കമ്മറ്റികൾക്ക് സാമാന്യം സംഘടനാ പ്രവർത്തനം നടത്താൻ സൗകര്യമുള്ള ഓഫിസുകൾ നിലവിലുണ്ട്. മനോഹരമായ, നല്ല സൗകര്യത്തോടെയുള്ള ഓഫിസുകൾ ബ്രാഞ്ചുതലം വരെ ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് മനോഹരമായ ഒരു ഓഫിസ് ഇവിടെ നിർമിച്ചത്. ഈ ഓഫിസ് ബ്രാഞ്ചിന്റെ യോഗം ചേരാനുള്ള ഓഫിസല്ല, സഖാവ് പിണറായി പറയുന്നത് പോലെ ഈ പാർട്ടി സഞ്ചരിക്കുന്ന കോടതിയാകണം. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് ന്യായമായി, ശരിയായി പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന് ഈ നാടിന്റെ ഒരു കേന്ദ്രമായി ഓഫിസ് മാറണം’-അദ്ദേഹം പറഞ്ഞു.

പാർട്ടിയെ ശുദ്ധിചെയ്തുമാത്രമേ മുന്നോട്ടുപോകാനാകൂവെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കേന്ദ്രമായി ഈ ഓഫിസിനെ ഉപയോഗിക്കണ​മെന്നും അ​ദ്ദേഹം ആഹ്വാനം ചെയ്തു. ‘2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിക്കാൻ സാധിച്ചില്ലെങ്കിൽ മൂന്നാമതും അവർ അധികാരത്തിൽ വന്നാൽ ഇന്ത്യയെ സവർണ, കോർപറേറ്റുകളുടെ ഹിന്ദുരാഷ്ട്രമാക്കി ആർ.എസ്.എസ് മാറ്റും. കോൺഗ്രസും ബി.ജെ.പി.യും ഫണ്ട് പിരിവിന് കോർപറേറ്റുകളെയും വമ്പൻ കമ്പനികളെയും ആശ്രയിക്കുമ്പോൾ സി.പി.എം പൊതുജനങ്ങളെ മാത്രമാണ് ആശ്രയിക്കുന്നത്. ഇത് ജനങ്ങളുടെ പാർട്ടിയാണ്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - Party should be a moving court -MV Govindan master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.