യോഗത്തിൽ പ്രതിഷേധം അറിയിക്കുന്ന രക്ഷിതാവ്

'പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക മകന്റെ മുഖത്തടിച്ചു, പതിനൊന്ന് ദിവസത്തോളം അവൻ ട്രോമയിലായിരുന്നു, ആത്മഹത്യ ചെയ്ത കുട്ടിയുടെ ക്ലാസ്‌മേറ്റാണ് എന്റെ മകന്‍'; ശ്രീകൃഷ്ണപുരത്തെ സ്കൂൾ മാനേജ്മെന്റിനെതിരെ രക്ഷിതാക്കൾ

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിളിച്ച് ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ വൻ പ്രതിഷേധം. സ്കൂളിൽ വിദ്യാർഥികൾ നേരിടുന്ന ദുരനുഭവങ്ങൾ രക്ഷിതാക്കൾ ഒരോന്നായി പങ്കുവെക്കുകയായിരുന്നു. വിദ്യാർഥികളെ കായികമായി നേരിടുന്നതും മാനസികമായ തളർത്തുന്നതുമായ അനുഭവങ്ങളാണ് രക്ഷിതാക്കൾ പറയുന്നത്.

ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ കൂടെ പഠിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവിന്റെ വാക്കുകൾ :- 'പുസ്തകം ഒരു ദിവസം കൊണ്ടുവരാന്‍ വൈകീയതിന് അധ്യാപികയായ സ്റ്റെല്ല ബാബു മകന്റെ മുഖത്തടിച്ചു. സ്‌കൂളില്‍ വരാതെ പതിനൊന്ന് ദിവസത്തോളം മകന്‍ ട്രോമയില്‍ ഇരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാറി തിരൂര് ഉള്ള മറ്റൊരു സ്‌കൂളിലേക്ക് മാറി ചേരുകയാണ് ഉണ്ടായത്. ആ മകന് ശേഷം അവന് താഴെയുള്ള രണ്ട് മക്കള്‍ ഇപ്പോഴും ഇവിടെ പഠിക്കുന്നുണ്ട്. മരിച്ച പോയ മകളുടെ ക്ലാസ്‌മേറ്റാണ് എന്റെ മകന്‍.

ഒരു കുട്ടിയേയും ഇവിടെ നിന്ന് പുറത്താക്കില്ലെന്ന ഉറച്ച വിശ്വാസം എല്ലാവര്‍ക്കും വേണം. ഇത് നമ്മളുടെ കുട്ടികളുടെ സ്‌കൂളാണ്. ഹരാസ്‌മെന്റും ഇത്തരം നിയമനടപടികളുമായി കുട്ടികളെ ബുദ്ധിമുട്ടിക്കരുത്. മാറ്റി നിര്‍ത്തിയ സ്റ്റെല്ല ബാബു എന്ന സിസ്റ്റര്‍ ഇവിടെ ക്ലാസ് തുടങ്ങി രണ്ടാം ആഴ്ച്ചയില്‍ വെച്ച ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഒമ്പതാം ക്ലാസിലേക്ക് ആയ എന്റെ മോനെകൊണ്ട് ഞാന്‍ സ്വമേധയാ 8ാം ക്ലാസിലേക്ക് മാറാന്‍ തയ്യാറാണെന്ന് എഴുതി വാങ്ങി. അതും എന്റെ മുന്നില്‍ വെച്ച്. അങ്ങനെയുള്ള ഒരു മാനേജ്‌മെന്റിലെ അംഗമാണ് ഇവിടെ ഉണ്ടായിരുന്ന സ്റ്റെല്ല ബാബു.

മാര്‍ക്കുകള്‍ കുറവുണ്ടാകും അതിന് ഇങ്ങനെ ചെയ്യാന്‍ പാടില്ല. മരിച്ചു പോയ മകളുടെ ക്ലാസില്‍ വെറും അഞ്ചോ ആറോ പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളത്. ബാക്കി ക്ലാസുകളില്‍ എല്ലാം ഫിഫ്റ്റി ഫിഫ്റ്റിയാണ്. ഒരു രക്ഷിതാവിനും സ്‌കൂളില്‍ സംസാരിക്കാന്‍ ഒരു അവകാശവും ഇല്ല. അഞ്ചുതവണ ഈ സ്‌കൂളില്‍ മീറ്റിങ്ങിന് വന്നിട്ടുണ്ട്. ഇത് വരെ ഇവിടത്തെ പ്രിന്‍സിപ്പളിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കും കാണാന്‍ കഴിയാത്ത ഒരു വസ്തുവാണ് ഇവിടത്തെ പ്രിന്‍സിപ്പല്‍.' രക്ഷിതാവ് പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപിക ഒ.പി. ജോയ്‌സി, പ്രോഗ്രാം കോഓഡിനേറ്റർ സ്റ്റെല്ല ബാബു, അധ്യാപിക എ.ടി. തങ്കം എന്നിവരെ സ്കൂളിൽനിന്ന് പുറത്താക്കിയതായി മാനേജർ അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ പ്രശാന്ത് കുമാർ-സജിത ദമ്പതികളുടെ മൂത്തമകൾ ആശിർ നന്ദയാണ് (14) സ്കൂളിൽനിന്നുണ്ടായ മാനസിക പീഡനത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

വിദ്യാർഥിനിയുടെ ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ജില്ല കലക്ടർ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. ഡി.ഇ.ഒ സ്കൂളിലെത്തി അന്വേഷണം നടത്തി.

Tags:    
News Summary - Parents lodge more complaints against school teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.