ബസ്‌ യാത്രക്ക് പണമില്ല: 17 കിലോമീറ്റര്‍ താണ്ടി പരമേശ്വര ആശുപത്രിയിലെത്തിയത്‌ വീല്‍ചെയറില്‍

മഞ്ചേശ്വരം: ഇരുകാലിലും വ്രണങ്ങളുമായി നടക്കാന്‍ കഴിയാതെ ജീവിതം ഇരുളിലാണ്ട മധ്യവയസ്‌കന്‍ ബസ്‌ യാത്രക്ക് പണമില്ലാത്തതിനെ തുടര്‍ന്ന്‌ പതിനേഴ്‌ കിലോമീറ്റര്‍ താണ്ടി ആശുപത്രിയില്‍ എത്തിയത്‌ വീല്‍ചെയറില്‍.  പൈവളിക ബായാര്‍പദവില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശി പരമേശ്വരസാലങ്കെ (50) ആണ്‌ വീല്‍ചെയറില്‍ പതിനേഴു കിലോമീറ്റര്‍ താണ്ടി ബായാര്‍പദവില്‍ നിന്നും മംഗല്‍പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്‌. കൂടെ ഭാര്യ കമലയും നാലു വയസ്സുകാരനായ മകനും ഉണ്ടായിരുന്നു.

ഒരു വര്‍ഷം മുമ്പാണ്‌ പരമേശ്വരക്ക്‌ കാലിന്‌ പാമ്പു കടിയേറ്റത്‌. ഇതേ തുടര്‍ന്ന്‌ പലരും സഹായിച്ചതിനെത്തുടര്‍ന്ന്‌ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഭേദമായിരുന്നില്ല. പിന്നീട്‌ ഇരു കാലുകളും നീരുവെക്കുകയും വ്രണങ്ങളുണ്ടാകുകയുമായിരുന്നു. 

ഇപ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്‌. ഭാര്യ കമല കൂലിപ്പണി ചെയ്‌ത്‌ കൊണ്ടുവരുന്ന തുച്ഛമായ വരുമാനം മാത്രമാണ്‌ ഇവര്‍ക്കുള്ളത്‌. സ്വന്തമായി വീടില്ലാത്ത ഇവര്‍ ബായാര്‍പദവില്‍ റോഡരുകില്‍ പഴയ തുണികള്‍ കെട്ടിമറച്ചാണ്‌ താമസിച്ചു വരുന്നത്‌. രണ്ട്‌ പെണ്‍കുട്ടികളടക്കം മൂന്നുമക്കളാണ്‌ പരമേശ്വരക്കുള്ളത്‌.


ഭര്‍ത്താവിന്‌ അസുഖം ബാധിച്ചതിനെ തുടര്‍ന്ന്‌ ഭാര്യ കമലക്ക്‌ കൂലിപ്പണിക്ക്‌ പോകാനും കഴിയാതെയായി. ഇതോടെ കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗ്ഗവും നിലച്ചു. ഇപ്പോള്‍ വല്ലവരുടേയം സഹായം കൊണ്ടാണ്‌ അടുപ്പില്‍ തീ പുകയുന്നത്‌. അടച്ചുറപ്പില്ലാതെ റോഡരുകില്‍ പഴയ തുണികള്‍ മറച്ചു കൊണ്ട്‌ കഴിയുന്ന ഇവരുടെ ജീവിതത്തിന്‌ വെളി ച്ചം നല്‍കാന്‍ കാരുണ്യമുള്ളവര്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയാണ്‌ കുടുംബത്തിനുള്ളത്‌.
 

Tags:    
News Summary - parameshwarayya wheel chair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.