മന്ത്രി കെ.എം. ഷാജി

മദ്യവ്യവസായിയോടൊപ്പം ​ ചെക്ക് റിപ്പബ്ലിക്കിലേക്ക് മന്ത്രി കെഎം ഷാജിയുടെ യാത്ര: മുസ്‍ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം

മലപ്പുറം: മദ്യവ്യവസായിയോടൊപ്പമുള്ള മന്ത്രി കെ.എം. ഷാജിയുടെ യാത്രയെക്കുറിച്ച് മുസ്‍ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മന്ത്രിയുടെ ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള യാത്രയിൽ അടിമുടി ദുരൂഹതയുണ്ടെന്നും ആരാണ് യാത്രയുടെ സ്പോൺസർ എന്ന് മന്ത്രിയും ലീഗും വ്യക്തമാക്കണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിക്കാതെയാണ് കെ.എം. ഷാജി യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ, ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് രഹസ്യമായി പോയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ യാത്ര സർക്കാരിനെ അറിയിച്ചിരുന്നില്ല.

മദ്യവ്യവസായിക്കൊപ്പവും തൊഴിൽ തട്ടിപ്പുകേസിലെ പ്രതിയോടൊപ്പവുമുള്ള മന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം ആളുകളുടെ ആതിഥ്യം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് നിലപാടെങ്കിൽ, പൊതുസമൂഹത്തിനുമുന്നിൽ അത് തുറന്നുപറയാനുള്ള ആർജവം ലീഗിന് ഉണ്ടാകണം.

നേരത്തെ ഇതേ മന്ത്രി സ്വകാര്യവ്യക്തിയുടെ ആഡംബര വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതും വലിയ ചർച്ചയായിരുന്നു. നിയമപരമല്ലാത്തതിനാൽ അത് തിരിച്ചേൽപിക്കേണ്ടിവന്നു. ലീഗിനും മന്ത്രിക്കും ന്യായീകരിക്കാൻ കഴിയാതായതോടെയാണ് അന്ന് വാഹനം മടക്കേണ്ടിവന്നത്. അതിന്റെ ചൂടാറും മുൻപാണ് മദ്യവ്യവസായിയുടെ കൂടെയുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. ഇതുസംബന്ധിച്ച ദുരൂഹതകൾ നീക്കാനുള്ള ഉത്തരവാദിത്തം ലീഗ് നേതൃത്വത്തിനുണ്ട്.

സമുദായത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന ലീഗ്, മന്ത്രി കെ.എം. ഷാജിയുടെ ഇത്തരം രീതികൾ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. മതമാണ് പ്രശ്നമെന്ന് വായ്ത്താരിയിടുന്ന കെ.എം. ഷാജിക്ക് മദ്യമുതലാളിയുമൊന്നിച്ചുള്ള യാത്രയെക്കുറിച്ച് എന്താണ് പറയാനുള്ളത്? സ്പോൺസർഷിപ്പിൽ മന്ത്രിമാർ നാടുകാണട്ടെയെന്ന് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ ഇതിൽ അത്ഭുതമില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

പുതിയ വിവാദം ഇതാണ്

മുസ്‍ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വിദേശയാത്രക്കിടെ ചെക്ക് റിപ്പബ്ലിക് സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ഔദ്യോഗിക അനുമതിയില്ലാതെ രഹസ്യമായി പ്രാഗ് സന്ദർശിച്ചുവെന്നതാണ് പ്രധാന ആക്ഷേപം.

കഴിഞ്ഞ സെപ്റ്റംബർ 16 മുതൽ 26 വരെയായിരുന്നു കെ.എം. ഷാജിയുടെ വിദേശയാത്ര. എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ യാത്രാവിവരങ്ങളിൽ ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ചെക്ക് റിപ്പബ്ലിക് സന്ദർശനത്തിന് സർക്കാരിന്റെയോ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ല.

ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ റെയിൽവേ സ്റ്റേഷനിൽ ഷാജി സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് വിഷയം പരസ്യമായത്.

യാത്രയുടെ സ്‌പോൺസർ വിവാദ മദ്യവ്യവസായിയാണോ എന്ന് മുസ്‍ലിം ലീഗ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. പ്രാഗിലേക്ക് രഹസ്യമായി യാത്ര നടത്തിയതിന്റെ കാരണവും, യാത്രയുടെ ചെലവുകൾ വഹിച്ചത് ആരാണെന്നും ലീഗ് നേതൃത്വം വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

മദ്യവ്യവസായി ആതിഥ്യം സ്വീകരിച്ചുവെന്ന ആരോപണം മുൻപ് ഉയർന്നപ്പോൾ, പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇതേ ആളുകളാണ് സ്വീകരിച്ചതെന്നായിരുന്നു കെഎം.ഷാജിയുടെ മറുപടി. എന്നാൽ, യാത്രാനുമതിയുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - Trip To Czech With Liquor Baron; CPM Seeks League's Stand On KM Shaji's Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.