പ്രതീകാത്മക ചിത്രം
കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും വിവാദങ്ങൾക്ക് തുടക്കമിട്ട് പണ്ടാരഭൂമി പിടിച്ചെടുക്കാൻ ഉത്തരവ്. പണ്ടാരഭൂമികളുടെ പരിശോധന നടത്തുന്നതിനും നിർമാണ പ്രവർത്തനങ്ങളോ മറ്റോ നടത്തിയ സ്ഥലങ്ങൾ ഉണ്ടെങ്കിൽ അതിന്‍റെ വിവരം ശേഖരിക്കാനും കലക്ടർ വിവിധ ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടർമാർക്ക് നൽകിയ ഉത്തരവാണ് ആശങ്കയാകുന്നത്.
മുഴുവൻ പണ്ടാരഭൂമിയും പിടിച്ചെടുക്കാനുള്ള അഡ്മിനിസ്ട്രേഷൻ നീക്കമാണ് ഉത്തരവിൽ വ്യക്തമാകുന്നതെന്ന് ദ്വീപിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നേതാക്കൾ വ്യക്തമാക്കുന്നു. മുഴുവൻ പണ്ടാരഭൂമിയും അഡ്മിനിസ്ട്രേഷന്‍റേതാണെന്ന് ആവർത്തിക്കുന്നതാണ് ഉത്തരവ്.
മുൻകാലങ്ങളിൽ പണ്ടാരം ഭൂമിയുടെ ഒരുഭാഗം കൃഷി അനുബന്ധ ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് താൽക്കാലികമായി നൽകിയതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതിൽ അഡ്മിനിസ്ട്രേഷനല്ലാതെ മറ്റാർക്കും ഉടമസ്ഥാവകാശമില്ല. അതിനാൽ സർക്കാറിന് ആവശ്യമുള്ളപ്പോൾ ഭൂമി തിരിച്ചെടുക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. ഭൂമിയിലെ തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശം വ്യക്തമാക്കുന്നതിന് 10 ദിവസത്തിനുള്ളിൽ ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തണമെന്നും വ്യക്തമാക്കുന്നുണ്ട്.
കവരത്തി, കൽപേനി, ആന്ത്രോത്ത്, അഗത്തി, മിനിക്കോയ് ദ്വീപുകളിലെ പണ്ടാരഭൂമിയുമായി ബന്ധപ്പെട്ടാണ് നടപടികൾ. നിരവധിയാളുകളാണ് പണ്ടാരഭൂമിയിൽ താമസിക്കുന്നത്. മുന്നൂറോളം ആളുകൾ ഇതിനകംതന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കാൻ പണ്ടാരഭൂമി അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്ത ഘട്ടങ്ങളിലൊക്കെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നുവെന്നാണ് ലക്ഷദ്വീപ് നിവാസികൾ വ്യക്തമാക്കുന്നു. 2020 ഫെബ്രുവരി 26ന് ചേർന്ന കേന്ദ്ര മന്ത്രിസഭ പണ്ടാരഭൂമിക്ക് കൈവശാവകാശം നൽകാൻ തീരുമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഇതിന് വേണ്ടി ലാൻഡ് ടെനൻസി റെഗുലേഷനിൽ ഭേദഗതി വരുത്തി. എന്നാൽ, 2023 ഒക്ടോബറിൽ ഇത് ഒഴിവാക്കപ്പെട്ടു. ഇത് പണ്ടാരഭൂമി കൈവശമുള്ളവരുടെ താൽപര്യത്തിനും സംരക്ഷണത്തിനും എതിരാണെന്നും ജനങ്ങൾ പറയുന്നു.
1700കളിൽ രാജാവ് വരുമാനത്തിന് ഏറ്റെടുത്ത് 1890കളിൽ ജനങ്ങൾക്ക് തിരികെ കൃഷി ആവശ്യത്തിന് നൽകിയ സ്ഥലങ്ങളാണ് പണ്ടാരഭൂമി. കഴിഞ്ഞ 100 വർഷത്തിലധികമായി ദ്വീപുകാർ തലമുറകളായി കൃഷി ചെയ്ത് ഉപയോഗിച്ചുവരുകയാണിവിടം. പണ്ടാരഭൂമിക്ക് കൈവശാവകാശം നൽകണമെന്ന് 1965ലെ ലാൻഡ് ടെനൻസി റെഗുലേഷൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനുവേണ്ടി കേന്ദ്രസർക്കാർ പലവട്ടം നിർദേശിച്ചിരുന്നെങ്കിലും വേണ്ടവിധം നടപ്പായില്ല.
ഉത്തരവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ആശങ്ക ശക്തമായിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.