കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈകോടതി അനുമതി. കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹരജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച് ഹൈകോടതി ഇടക്കാല ഉത്തരവിറക്കിയത്.
സുരക്ഷ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാനും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവർ കലക്ടർക്കു നിർദേശം നൽകി.
തിങ്കളാഴ്ച കേസ് പരിഗണിക്കവേ, നിലവിലെ സാഹചര്യത്തിൽ ടോൾ പിരിവിന് അനുമതി നൽകിയാൽ തുക കുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച നിലപാടറിയിക്കാൻ ദേശീയപാത അതോറിറ്റി കൂടുതൽ സമയം തേടി. തുടർന്നാണ് ഹരജി മാറ്റിയത്. തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത്, ഒ.ജെ. ജനീഷ് തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.