പാലിയേക്കര ടോൾ പ്ലാസ
കൊച്ചി: ദേശീയപാതയിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി സെപ്റ്റംബർ ഒമ്പതു വരെ നീട്ടി. ഗതാഗതക്കുരുക്ക് തുടരുന്ന മണ്ണുത്തി-ഇടപ്പള്ളി മേഖലയിൽ ദേശീയ പാത അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഗതാഗത മാനേജ്മെന്റ് സമിതി പരിശോധന നടത്താനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവരടങ്ങുന്ന സമിതി ഹൈകോടതി നിർദേശപ്രകാരമാണ് രൂപവത്കരിച്ചത്. ടാറിങ് പൂർത്തിയായെന്നും പാതയിൽ ഗതാഗതം സുഗമമായെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചെങ്കിലും ഈയാഴ്ചയോ അടുത്തയാഴ്ചയോ ഇക്കാര്യം പരിശോധിക്കാൻ സമിതിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഗതാഗതത്തിരക്ക് പരിശോധിക്കാൻ സ്ഥിരം സംവിധാനം വേണമെന്നും സർവീസ് റോഡ് രണ്ടുവരിയാക്കണമെന്നും സമിതി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ആഗസ്റ്റ് ആറിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഓണാവധിക്കിടെ കേസ് പരിഗണിക്കണമെന്ന ആവശ്യം ദേശീയ പാത അതോറിറ്റി ഉന്നയിച്ചെങ്കിലും തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടോൾ പിരിവ് നിർത്തിവെക്കണമെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.