കണ്ണൂർ: പാനൂരിൽ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ബി.ജെ.പി നേതാവായ അധ്യാപകനെ രക്ഷപ്പെടുത്തരുതെന്ന് ഒരുസംഘം സാംസ്കാരിക പ്രവർത്തകർ. മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എം.എൽ.എകൂടിയായ ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെയും അടിയന്തര ശ്രദ്ധക്ക് എന്ന പേരിൽ കേരളത്തിലെയും ബംഗളൂരുവിലെയും 180 സാമൂഹിക-സാംസ്കാരിക പ്രവർത്തകരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. സംഭവത്തിൽ പോക്സോ വകുപ്പുകൾ ഒഴിവാക്കി പകരം ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 എന്നീ വകുപ്പുകളും ഐ.പി.സി 323, 324 വകുപ്പുകളും മാത്രം ചേർത്ത് കുറ്റപത്രം നൽകി പ്രതിക്ക് ജാമ്യം കിട്ടിയ സംഭവം ഈ കേസ് അട്ടിമറിക്കപ്പെടുന്നു എന്നതിെൻറ തെളിവാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പോക്സോ നിയമത്തിലെ ദുർബല വകുപ്പുകൾ ചേർത്ത് റിമാൻഡ് ചെയ്യപ്പെട്ട കേസിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ജൂലൈ 14ന് പോക്സോ കോടതിയിൽ സമർപ്പിച്ചതും ദുർബലമായ കുറ്റപത്രമാണ്. ഇതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടവരുത്തിയത്. പോക്സോ വകുപ്പ് ഒഴിവാക്കി പകരം ജുവൈനൽ ജസ്റ്റിസ് ആക്ട് മാത്രം ചേർത്ത് കുട്ടി ലൈംഗികപീഡനത്തിന് ഇരയായതിന് തെളിവില്ല എന്ന രീതിയിൽ സമർപ്പിച്ച കുറ്റപത്രം സാമാന്യ നീതിയുടെ നിഷേധമാണ്. കുട്ടിയുടെ മാനസികനില ശരിയില്ലാത്തതിനാൽ മൊഴിയെടുക്കാൻ കഴിയില്ല എന്നാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ച നിലപാട്. കുട്ടിയുടെ മാനസികനില പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഏതെങ്കിലും വൈദ്യപരിശോധന നടത്തിയതായി അറിവില്ല. അതിനാൽ ഇത് കൃത്രിമമായി സൃഷ്ടിച്ച ന്യായവും ബി.ജെ.പി നേതാവുകൂടിയായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമവുമാണെന്ന് കരുതുന്നതായും പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 16ന് ചൈൽഡ്ലൈനിൽ പരാതിപ്പെട്ടതിനുശേഷം മാർച്ച് 17ന് പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാർച്ച് 18നുതന്നെ കുട്ടിയെ മെഡിക്കൽ പരിശോധനക്കു വിധേയമാക്കുകയും അന്നുതന്നെ മജിസ്ട്രേറ്റിനു മുന്നിൽ കുട്ടി മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ മൊഴി പീഡനം ഉറപ്പാക്കുന്നതാണ്. പാലത്തായി കേസില് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ നിയമോപദേശം മറികടന്നാണ് കുറ്റപത്രം സമർപ്പിച്ചത് എന്ന് ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിക്കു ജാമ്യം നിഷേധിച്ച ഹൈകോടതി ഉത്തരവിന് തൊട്ടുപിന്നാലെയാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
കേരളത്തിലെ ജനങ്ങൾ സംഘടിതമായി എതിർക്കുകയും ശക്തമായ പ്രതിരോധങ്ങൾ തീർക്കുകയും ചെയ്തിട്ടുപോലും സംസ്ഥാന സർക്കാർ ഈ കേസിൽ ഒരു ജാഗ്രതയും പുലർത്തിയില്ല.
വനിത-ശിശുക്ഷേമ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ഒരു കേസും മന്ത്രിക്ക് നേരിട്ട് അറിവുള്ള ഒരു സംഭവവുമായിട്ടുപോലും കുട്ടിക്കു നീതി ഉറപ്പാക്കുന്നതിൽ വന്ന വീഴ്ച അത്യന്തം ഗൗരവമുള്ളതാണ്. കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി ശ്രീജിത്ത്, അന്വേഷണം പൂർത്തിയാകാത്ത ഈ കേസിൽ അന്വേഷണോദ്യോഗസ്ഥർക്കു മാത്രം ലഭ്യമായ വിവരങ്ങൾ ഫോണിൽ വിശദീകരിച്ചുനൽകുന്ന ഓഡിയോ കേൾക്കാനിടയായി. ഇത് നഗ്നമായ നിയമലംഘനവും പോക്സോ വകുപ്പിെൻറ അന്തസ്സത്തക്കു നിരക്കാത്തതുമാണ്.
ഈ ഉദ്യോഗസ്ഥനെ കേസന്വേഷണച്ചുമതലയിൽനിന്ന് മാറ്റണമെന്നും പുതിയ അന്വേഷണസംഘത്തെ ഇതിനായി നിയോഗിക്കാൻ സർക്കാർ തയാറാകണമെന്നും സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. കെ. അജിത, കെ.ആർ. മീര, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്, എസ്. ശാരദക്കുട്ടി, ബി. രാജീവൻ, കെ.ജി. ശങ്കരപ്പിള്ള, സാവിത്രി രാജീവൻ, ഡോ. ഖദീജ മുംതാസ്, വി.പി. സുഹ്റ, ജോയി മാത്യു, വി.എം. ഗിരിജ, സിവിക് ചന്ദ്രൻ, മൈന ഉമൈബാൻ, കെ.പി. രാമനുണ്ണി, എം.എൻ. കാരശ്ശേരി, എം. സുൽഫത്ത്, കെ.കെ. രമ, പി.ഇ. ഉഷ, ഡോ. ആസാദ്, കർണാടക മുൻ ഡി.ജി.പി ജീജ ഹരിസിങ് തുടങ്ങി 180ഓളം പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.