കൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥിനികളോട് പാകിസ്താനിലേക്ക് പോകാൻ ഒരുങ്ങാൻ പറഞ് ഞ് വിവാദത്തിലായ കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപകന് സസ്പെൻഷൻ. മതസ്പർധ വളർത്തുന്ന രീതിയിൽ വിദ്യാർഥിനികളോട് സംസാരിച്ചതിന് അധ്യാപകൻ കെ.കെ. കലേശനെ സസ് പെൻഡ് ചെയ്തതായി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സ്കൂളിൽ എത്തി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹികശാസ്ത്രവും ക്ലാസെടുത്തതും അശ്ലീല ചുവയോടെയും മതസ്പർധ വളർത്തുന്ന വിധത്തിലും സംസാരിച്ചതും പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ കുട്ടികൾ പാകിസ്താനിലേക്ക് പോകാൻ തയാറാകണമെന്ന് പറഞ്ഞതും ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രനും സ്കൂളിലെത്തി അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സി.പി.എം, കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും സ്കൂളിലെത്തിയിരുന്നു. എസ്.എഫ്.ഐയും എം.എസ്.എഫും അധ്യാപകനെതിരെ കൊടുങ്ങല്ലൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വിദ്യാർഥിനികളോട് മോശമായി പെരുമാറിയത് സംബന്ധിച്ച് അധ്യാപകനെതിരെ നേരേത്തയും പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിലും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും മുമ്പാകെ പരാതി നിലവിലുള്ളപ്പോഴാണ് ഇപ്പോഴത്തെ പാകിസ്താൻ പരാമർശം.
അന്വേഷണവുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. ഗീത കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നും മൊഴിയെടുത്തു. ക്ലാസ് പി.ടി.എ യോഗത്തിലും അവർ പങ്കെടുത്തു. യോഗത്തിൽ രക്ഷിതാക്കൾ അധ്യാപകനെതിരെ പരാതി പറയുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.