പദ്മ പുരസ്കാരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച 24 പേരുടെ പട്ടിക പുറത്തായി. ഡോ. കെ.ജെ. യേശുദാസ്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, അക്കിത്തം, വെള്ളായണി അര്‍ജുനന്‍, പി. ജയചന്ദ്രന്‍, കെ.ജി. ജയന്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഡോ. കെ. ഓമനക്കുട്ടിയമ്മ, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, പ്രഫ. കെ.എന്‍. പണിക്കര്‍, ഐ.എം. വിജയന്‍, ഡോ. ടി.കെ. ജയകുമാര്‍, ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. ബി. ഇക്ബാല്‍, കെ. രവീന്ദ്രന്‍നായര്‍, ഫാ. ഡേവിസ് ചിറമേല്‍, കെ.ഇ. മാമ്മന്‍, കെ. മാധവന്‍, പി. രമേശന്‍, എം.കെ. അര്‍ജുനന്‍, എം.കെ. സാനു, ടി. പദ്മനാഭന്‍, കെ.എന്‍. ഗോപാലകൃഷ്ണഭട്ട് എന്നിവരാണ് സംസ്ഥാന പട്ടികയിലുണ്ടായിരുന്നത്.

ഇതില്‍ യേശുദാസിന് പദ്മവിഭൂഷണും അക്കിത്തം, ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ എന്നിവര്‍ക്ക് പദ്മശ്രീയും ലഭിച്ചു. പാറശ്ശാല ബി. പൊന്നമ്മാള്‍, മീനാക്ഷിയമ്മ, പി.ആര്‍. ശ്രീജേഷ് എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതിയില്ലാതെയാണ് പദ്മശ്രീ ലഭിച്ചതെന്ന് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന് ലഭിച്ച വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനും മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരുമടങ്ങുന്ന സര്‍ച് കമ്മിറ്റിയാണ് സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ കണ്ടത്തെിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ചാണ് കമ്മിറ്റി പട്ടികക്ക് അന്തിമരൂപം നല്‍കിയത്. എന്നാല്‍, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ച പേര് കമ്മിറ്റി തള്ളിയതായും രേഖകള്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ ജില്ലയിലെ ചെറിയനാട് ഗ്രാമപഞ്ചായത്തില്‍ 18 വര്‍ഷം പ്രസിഡന്‍റായിരുന്ന വി.കെ. വാസുദേവന്‍െറ പേരാണ് വി.എസ് നിര്‍ദേശിച്ചത്. ഇതിന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു. അതേസമയം, വാസുദേവന്‍െറ പേര് പദ്മ പുരസ്കാരത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരും ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഈ രണ്ട് നിര്‍ദേശവും കമ്മിറ്റിയുടെ പരിഗണനക്ക് വന്നെങ്കിലും അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.

Tags:    
News Summary - padma award list in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.