കോഴിക്കോട്: എം.ജി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിയിൽ യു.ഡി.എഫ് സർക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സർവകലാശാലകളുടെ കാവിവൽക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. എം.ജി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ യു.ഡി.എഫ് സർക്കാരിന്റെ മൗനാനുവാദം അപകടകരമാണ്. 30 അംഗ സെനറ്റിൽ ബി.ജെ.പി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല. അവ സ്വതന്ത്ര ചിന്തയുടെ ഇടങ്ങളാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രങ്ങളാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ കാവലാണ്. അതുകൊണ്ടുതന്നെ സർവകലാശാലകളുടെ കാവിവൽക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. എം.ജി സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ യു.ഡി.എഫ് സർക്കാരിന്റെ മൗനാനുവാദം അപകടകരമാണ്. 30 അംഗ സെനറ്റിൽ ബി.ജെ.പി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയത്. നേരത്തെ എം.ജി സർവകലാശാല വൈസ് ചാൻസലറായി കുസാറ്റിലെ ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ നേതാവിനെ ഗവർണർ നിയമിച്ചപ്പോഴും നിലപാട് പറയാൻ സംസ്ഥാന സർക്കാർ തയാറായില്ല. താൽക്കാലിക വിസി നിയമനത്തിനുള്ള പാനൽ നൽകാൻ പോലും സർക്കാർ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു. നിയമസഭ പ്രസംഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത്തരം വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണ്. മതനിരപേക്ഷ വോട്ടുകൾ വാങ്ങി അധികാരത്തിലെത്തി, സംഘപരിവാർ അജണ്ടക്ക് മുന്നിൽ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണ്. യു.ഡി.എഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസ്സുകളും ഈ വിഷയത്തിൽ ഞങ്ങൾ ഉയർത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സും സംഘപരിവാർ അജണ്ടയും തമ്മിലുള്ള പോരാട്ടമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.